ജുഡീഷ്യറിയുടെ അപചയം ചർച്ചയാകട്ടെ : എ.സമ്പത്ത് എം.പി

#

(12-01-18) : (ചീഫ് ജസ്റ്റിസിന്റെ നടപടികൾക്ക് എതിരെ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന നാല് ന്യായാധിപന്മാർ വാർത്താ സമ്മേളനം നടത്തിയ അത്യസാധാരണമായ സംഭവത്തെക്കുറിച്ച് ലോക്സഭാംഗവും നിയമജ്ഞനുമായ എ.സമ്പത്ത് എം.പി ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

നമ്മുടെ ജുഡീഷ്യറി നിഷ്പക്ഷവും നീതിപൂര്‍വ്വവുമായിരിക്കണം എന്നതുപോലെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളതുമായിരിക്കണം. ലോകത്തിലെ വിവിധ ജനാധിപത്യരാജ്യങ്ങളിലെ ജുഡീഷ്യറിയുടെ  ചരിത്രം പരിശോധിച്ചാല്‍ വളരെ മികച്ച ജുഡീഷ്യറിയാണ് ഇന്ത്യയിലുള്ളത്. ലോകത്തിനു തന്നെ മാതൃകയായ നിരവധി വിധിന്യായങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിന്നുണ്ടായിട്ടുണ്ട്. ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷമുണ്ടായിരുന്ന, ഒരു ചോദ്യം ചെയ്യലിനും വിധേയാകേണ്ടി വരുമെന്ന് കരുതിയിട്ടില്ലാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനുള്ള ധൈര്യം കാണിച്ച ജുഡീഷ്യറിയാണ് നമ്മുടേത്. ഭരണഘടനാദത്തമായ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരേ വിളക്കുമാടം പോലെ നിന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറി.

നവലിബറല്‍ സാമ്പത്തിക നയങ്ങളും സ്വകാര്യവത്കരണവും കോര്‍പ്പറേറ്റ്വത്കരണവും എക്‌സിക്യൂട്ടീവും  ലജിസ്ലേച്ചറും മാധ്യമങ്ങളുമുള്‍പ്പെടെ എല്ലാ മേഖലകളിലും പിടി മുറുക്കിയതിന്റെ ഭാഗമായ അപചയം ജുഡീഷ്യറിയിലും വേരുകളാഴ്ത്തിയിട്ടില്ലേ എന്ന ഭയം എന്നെപ്പോലെയുള്ളവര്‍ക്ക് ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്റിനകത്ത് പലപ്പോഴും ഞങ്ങള്‍ ജുഡീഷ്യറിയുടെ അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ 5 വര്‍ഷം കൂടുമ്പോൾ ജനങ്ങളുടെ വിലയിരുത്തലിന് വിധേയരാകണം. ജുഡീഷ്യറിയുടെ അക്കൗണ്ടബിലിറ്റി ആരോടാണ്?

ജുഡീഷ്യല്‍ നിയമനത്തിനു വേണ്ടി നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ ബില്‍ ലോക്‌സഭ  ഏകകണ്ഠമായി അംഗീകരിച്ചു. രാജ്യസഭ ഒരു അംഗത്തിന്റെ വിയോജിപ്പോടെ അംഗീകരിച്ചു. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് ബില്‍ പാസ്സാക്കിയത്. വോട്ടവകാശത്തിനുള്ള പ്രായം 21 ല്‍ നിന്ന് 18 ആയി കുറയ്ക്കുന്നതിനു വേണ്ടിയുള്ള ബില്‍പോലെ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. ഞങ്ങളുടെ പിന്തുടര്‍ച്ചാവകാശികളെ ഞങ്ങള്‍ തീരുമാനിക്കും. എന്നു പറയുന്ന പഴയ കാരണവന്മാരെപ്പോലെ, ഞങ്ങള്‍ക്കു ശേഷമുള്ള ജഡ്ജിമാരെ ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളുടെ ഭരണപരമായ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും എന്ന അപ്രമാദിത്വപരമായ നിലപാടിലേക്ക് സുപ്രീംകോടതി പോയിട്ടുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. സ്വന്തം അധികാരത്തെയും അവകാശത്തെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച് തീരുമാനങ്ങള്‍ തങ്ങള്‍ തന്നെ സ്വീകരിക്കും എന്നും അത് മറ്റൊരിടത്തും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നുമുള്ള  സമീപനമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.

സുപ്രീം കോടതിയുടെ സമീപനങ്ങളില്‍ വിയോജിപ്പും സംശയവുമുളളവര്‍, കോടതിയലക്ഷ്യ നടപടികളെ ഭയന്ന് പലകാര്യങ്ങളും തുറന്ന് ചര്‍ച്ചചെയ്യാന്‍ മടിക്കുന്നു. കൊളോണിയല്‍ കാലത്തെ ഭാഷാശൈലിയും ശരീരഭാഷയും അഭിസംബോധനാരീതികളും അങ്ങനെ തന്നെ തുടരുകയാണ്. ഒരു ആത്മപരിശോധന കൂടിയേതീരൂ. ജസ്റ്റിസ് ചെലമേശ്വറിനെപ്പോലെ പൊതുസമൂഹത്തിലും അഭിഭാഷകര്‍ക്കിടയിലും വലിയ ആദരവും അംഗികാരവുമുളള ന്യായാധിപന്മാര്‍ ചിലകാര്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബ്ബന്ധിതരായി എന്നത് ചെറിയ കാര്യമല്ല. ഇന്ത്യന്‍ ജുഡീഷ്യറി സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ബഹിസ്ഫുരണമായി ഞാന്‍ ഇതിനെ കാണുന്നു.

രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകള്‍, പട്ടികജാതിക്കാരും ദരിദ്രരും ജാമ്യം കിട്ടാന്‍ വേണ്ടി ചെറിയ തുക കെട്ടി വയ്ക്കാനില്ലാത്തതുകൊണ്ട് ജയിലില്‍ തന്നെ കഴിയുന്ന അവസ്ഥയുണ്ട്. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ പോലും പുറത്തിറങ്ങാനാവാത്ത ആളുകളുള്ള രാജ്യമാണ് നമ്മുടേത്. ഇത്തരം കാര്യങ്ങളിലൊന്നും പരിശോധന നടത്താന്‍ കോടതിയ്ക്ക് കഴിയില്ലെന്നു വന്നാല്‍ അത് രാജ്യത്തിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയക്കുന്നു.

ജഡ്ജിമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വന്നപ്പോള്‍ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചെറിയ തോതിലെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടു. പാര്‍ലമെന്റിനുള്ളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് സംരക്ഷണമുള്ളതുകൊണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പറയാന്‍ കഴിയും. കോടതിയലക്ഷ്യ നിയമം ഉള്ളതുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെയൊരു വാള്‍ കയ്യിലുള്ളതുകൊണ്ട് ജുഡീഷ്യറിയില്‍ സംഭവിക്കുന്ന അപചയത്തെക്കുറിച്ചും ജുഡീഷ്യറിയുടെ അപ്രമാദിത്വത്തെക്കുറിച്ചും ചര്‍ച്ചയുണ്ടാവുന്നില്ല.

വാസ്തവത്തില്‍ നീതിനിഷേധമുണ്ടാകുന്നത് സമ്പന്നര്‍ക്കല്ല, ദരിദ്രര്‍ക്കാണ്. നീതി നിഷേധം സംഭവിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കല്ല, ഏറ്റവും താഴെക്കിടയിലുളള തെരുവോരത്ത് കിടന്നുറങ്ങുന്ന കിടപ്പാടം പോലുമില്ലാത്തവര്‍ക്കാണ്. സുപ്രീംകോടതിയില്‍ ഒന്ന് ഹാജരാകുന്നതിന് അഭിഭാഷകര്‍ക്ക് എത്ര വലിയ തുകയാണ് നല്‍കേണ്ടിവരുന്നത്! ജുഡിഷ്യറിയിലേക്ക് സമര്‍ത്ഥരായ ചെറുപ്പക്കാര്‍ കടന്നുവരണം. 6000 തസ്തികകളാണ് കീഴ്‌കോടതികളിലടക്കം ഒഴിഞ്ഞുകിടക്കുന്നത്. ലോകത്തേറ്റവും കൂടുതല്‍ കേസ് കെട്ടിക്കിടക്കുന്നത് ഇന്ത്യയിലാണ്. കമേഴ്‌സ്യല്‍ കോടതികളുടെ ബഞ്ചുകള്‍ അതിവേഗം സമ്പന്നരുടെയും കോര്‍പ്പറേറ്റുകളുടെയും കേസുകള്‍ തീര്‍പ്പാക്കുന്നുണ്ട്. അതേസമയം ഏറ്റവും പാവപ്പെട്ടവര്‍ വര്‍ഷങ്ങളായി ജയിലുകളില്‍ കിടന്നാലും അവരുടെ രോദനം കേള്‍ക്കാനോ അവരുടെ കുടുംബങ്ങളുടെ കണ്ണീര് കാണാനോ ആ പ്രശ്‌നം പരിഹരിക്കാനോ ആ സ്വാതന്ത്ര്യം സംരക്ഷിക്കാനോ ഈ രാജ്യത്തെ ജുഡീഷ്യറിക്ക് കഴിയാതെ പോകുന്നതില്‍ നിന്ന് എന്താണ് വ്യക്തമാകുന്നത്?

ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയ ന്യായാധിപന്മാര്‍ക്ക് ഇനിയും പലതും പറയാൻ ബാക്കിയുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വതന്ത്രമായും ധൈര്യമായും നിഷ്പക്ഷമായും ന്യായാധിപന്മാര്‍ എന്ന നിലയ്ക്ക് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ? കഴിയുന്നില്ല എങ്കില്‍ എന്തൊക്കെയാണ് അവര്‍ നേരിടുന്ന വൈതരണികൾ, ഭീഷണികള്‍, പ്രയാസങ്ങൾ ? ജുഡീഷ്യറിക്കുള്ളില്‍ നിന്നല്ലാതെ ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുപോലും  ഇത്തരം ഭീഷണികള്‍ ഉണ്ടാകുന്നുണ്ടോ? ഇത്തരം കാര്യങ്ങള്‍ പുറത്തു വന്നേ മതിയാകൂ. അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.