ജെ.ഡി.യു കാട്ടിയത് നന്ദികേടെന്ന് യു.ഡിഎഫ് : നന്ദികേടല്ലെന്ന് വീരന്‍

#

തിരുവനന്തപുരം (12-01-18) : ഇടതുമുന്നണി ചവിട്ടി പുറത്താക്കിയപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയ യു.ഡിഎഫിനോട് ജനതാദള്‍ (യു)വും എം.പി.വീരേന്ദ്രകുമാറും ചെയ്തത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് യു.ഡി.എഫ്. ജനതാദള്‍ (യു) മുന്നണി വിടുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. മുന്നണി വിടുന്നത് ഫോണിലൂടെയെങ്കിലും പറയാനുള്ള സാമാന്യ മര്യാദ വീരേന്ദ്രകുമാര്‍ കാണിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫില്‍ നഷ്ടമുണ്ടായെന്നാണ് ജനതാദള്‍ പറയുന്നത്. യു.ഡി.എഫ് ജെ.ഡി.യുവിന് കൃഷിവകുപ്പും 9 കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും 60 ഓളം ബോഡ് അംഗത്വങ്ങളും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷസ്ഥാനവും രണ്ടു ദേവസ്വം ബോഡുകളില്‍ അംഗത്വവും കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ അംഗത്വവും നല്‍കി. ഇതൊക്കെയാണോ നഷ്ടത്തിന്റെ കണക്കുകളെന്ന് ചെന്നിത്തല ചോദിച്ചു.

ഇടതുമുന്നണിയാണ് ജനതാദള്‍(യു)വിന്റെ സ്വാഭാവിക ഇടമെന്നും യു.ഡി.എഫില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. തങ്ങള്‍ രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നഷ്ടങ്ങള്‍ മാത്രം സഹിച്ച് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് യു.ഡി.എഫ് വിട്ടത്.