സുപ്രീംകോടതി പ്രതിസന്ധി ; മധ്യസ്ഥതയ്ക്ക് കെ.കെ.വേണുഗോപാല്‍

#

ന്യൂഡല്‍ഹി (13-01-18) : 4 മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ്സിനെതിരേ പരസ്യമായി രംഗത്തു വന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ ആരംഭിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗാപാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു.

വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരുള്‍പ്പെടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുമായി വേണുഗോപാല്‍ ചര്‍ച്ച നടത്തും. ഒന്നാമന്‍ എന്നതില്‍ കവിഞ്ഞ് സേച്ഛാധിപത്യപരമായ തീരുമാനങ്ങള്‍ എടുക്കുന്ന രീതി ചീഫ് ജസ്റ്റിസ് ഉപേക്ഷിക്കുകയും 4 ജഡ്ജിമാര്‍ കത്തില്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റായ നടപടികള്‍ അദ്ദേഹം തിരുത്തുകയും വേണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം. ജഡ്ജിമാരിലും അഭിഭാഷകരിലും ഭൂരിപക്ഷം തന്റെ നിലപാടുകളോടൊപ്പമാണ് എന്നും 4 ജഡ്ജിമാര്‍ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചീഫ് ജസ്റ്റിസ്.

ജുഡീഷ്യറിയിലെ പ്രശ്‌നങ്ങള്‍ ജുഡീഷ്യറി പരിഹരിക്കട്ടെ, സര്‍ക്കാര്‍ അതില്‍ ഇടപെടില്ല എന്ന പരസ്യനിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെങ്കിലും മധ്യസ്ഥ ശ്രമങ്ങള്‍ക്കു വേണ്ടി മുന്‍കയ്യെടുക്കുന്നവര്‍ കേന്ദ്ര സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. കേന്ദ്രസര്‍ക്കാരിന്റെ താല്പര്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ഇടപെടലായിരിക്കും കെ.കെ.വേണുഗോപാലില്‍ നിന്നുണ്ടാവുന്നത്.