ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന്

#

(13-01-18) : ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പേസ് ബൗണ്‍സിനെ പിന്തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ കഴിഞ്ഞ കാലങ്ങളിലെന്നും തന്നെ പരമ്പര വിജയിക്കാന്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ പരമ്പരയിലെ ആദ്യ മത്സരം ബാറ്റ്‌സ്മാന്‍മാരുടെ കഴിവുകേടുകൊണ്ട് അടിയറവെച്ച ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്റ്റിന്‍ഡീസില്‍ നടന്ന കളികളിലെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച, വിദേശത്ത് പേസ് ബൗളിങ്ങിനെതിരെ നന്നായി കളിക്കുന്ന ഉപനായകന്‍ അജിങ്ക്യ രഹാനെ കളിക്കുമെന്നാണ് സൂചന. സെഞ്ചൂറിയനിലെ ബൗണ്‍സ് കൂടുതല്‍ നല്‍കുന്ന പിച്ചിന്റെ ആനുകൂല്യം മുതലാക്കാന്‍ ഉയരക്കൂടുതലുളള ഇഷാന്ത് ശര്‍മ്മയെ കളിപ്പിക്കുകയാണെങ്കില്‍ തുടക്കക്കാരനായ ജസ്പ്രിത് ബുംറയെ ഒഴിവാക്കും. വിക്കറ്റ് കീപ്പറായ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലിനെ കൊണ്ടുവരാനും ആലോചനയുണ്ട്. എന്നാല്‍ സമീപകാലത്തെ സ്പിന്‍ കണ്ടുപിടുത്തമായ ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ഇനിയും കാത്തിരിക്കേണ്ടിവരും. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയോ തോല്‍ക്കുകയോ ചെയ്താല്‍ കോലിക്കും സംഘത്തിനും ടെസ്റ്റ് മത്സരങ്ങളിലെ ഒന്നാം നമ്പര്‍ പദവി പരമ്പരയോടൊപ്പം നഷ്ടമാകും.