ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത് സ്വാഗതം ചെയ്യുന്നു ; അഭിപ്രായങ്ങൾ മൂടി വയ്ക്കാനുള്ളതല്ല

#

ന്യൂഡൽഹി (13-01-18) : (സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടു നടത്തിയ വാർത്താ സമ്മേളനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോഡും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പ്രവർത്തകയുമായ അഡ്വ.രശ്മിത രാമചന്ദ്രൻ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

ജനങ്ങളോട് ഉത്തരവാദിത്വമുള്ള ജുഡീഷ്യറിയ്ക്കു വേണ്ടി ഒരു നിയമനിർമ്മാണത്തിനു കാരണമായി ഈ വിവാദം മാറിയേക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ഈ വിവാദത്തിന്റെ നല്ല ഒരു ഫലമായിരിക്കും. അതിനപ്പുറം ഇംപീച്ച്മെന്റിലേക്കൊന്നും കാര്യങ്ങൾ പോകാൻ സാധ്യതയില്ല. വാർത്താസമ്മേളനത്തിന്റെ പേരിൽ ഈ 4 ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനൊരുമ്പെട്ടാൽ ജനവികാരം എതിരാകും. ഇംപീച്ച് ചെയ്യുകയാണെങ്കിൽ ചെയ്യേണ്ടത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ദീപ് മിശ്രയ്ക്ക് എതിരായി എന്തെങ്കിലും ഒരു നീക്കത്തിന് കേന്ദ്ര സർക്കാർ തയ്യാറാകില്ല.

മാധ്യമങ്ങളോട് ജഡ്ജിമാർ സംസാരിക്കാൻ തയ്യാറായി എന്നത് നല്ല കാര്യമാണ്. മാധ്യമങ്ങളെ കാണാത്തവർ, പൊതുവേ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്തവർ എന്നൊക്കെ ജഡ്ജിമാരെ കുറിച്ചുള്ള ധാരണകൾ പൊളിഞ്ഞു വീണു. ജുഡീഷ്യറിയിൽ മോശപ്പെട്ട കാര്യങ്ങൾ നടക്കുന്നു എന്ന് ജഡ്ജിമാർ തന്നെയാണ് വിളിച്ചു പറഞ്ഞത്. അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാനുള്ളവയാണ്, മൂടി വയ്ക്കേണ്ടവയല്ല. ജഡ്ജിമാർ മാധ്യമ പ്രവർത്തകരെ  കണ്ടത് ജനാധിപത്യം ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണ്. എല്ലാം ഒളിച്ചുവയ്ക്കുന്ന പഴയ കാലം കഴിഞ്ഞു പോയിരിക്കുന്നു. ജുഡീഷ്യറിയിൽ അനഭിലഷണീയമായ കാര്യങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടാൽ അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടതല്ലേ? സാധാരണ ജനങ്ങൾ അഭിപ്രായം പറയുന്നു എന്നതാണ് പ്രധാന കാര്യം. സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് രഹസ്യങ്ങളും ഒളിച്ചുവയ്ക്കലുകളും എളുപ്പമല്ല.

നമ്മുടെ നാട്ടിൽ തന്നെയുള്ള പല മുൻ സുപ്രീം കോടതി ജഡ്ജിമാരും, ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത് ശരിയായില്ലെന്ന് പറഞ്ഞു. അതിൽ ഒരാൾ അഴിമതിക്ക് പേരു കേട്ടയാളാണ്. മറ്റൊരാൾ ആർ.എസ്.എസ്സിൽ മഹത്വം കാണുന്നയാളാണ്. വ്യക്തിപരമായ അഗ്രഹങ്ങളും താല്പര്യങ്ങളും മുൻനിർത്തിയാണ് അവർ അഭിപ്രായം പറയുന്നത്. അവർ പറയുന്നത് കേൾക്കാൻ കാതോർത്തിരിക്കുകയല്ല ഈ നാട് . സ്വന്തം കാലം കഴിഞ്ഞു പോയത് മനസ്സിലാക്കാത്ത അവരുടെ അഭിപ്രായങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. ജൂഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നതാണ് പ്രധാനം. ചീഫ് ജസ്റ്റിസ് തോന്നിയപോലെ കാര്യങ്ങൾ ചെയ്യുന്നു എന്ന് 4 മുതിർന്ന ജഡ്ജിമാർ ആരോപണം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ഇത്. പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്. പരിഹാരം ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് ഇന്നലെ വാർത്താ സമ്മേളനം നടത്തിയ ജഡ്ജിമാർ അഭിപ്രായപ്പെട്ടത്. ജനങ്ങളും കൂടി പങ്കെടുക്കുന്ന ചർച്ചകളിലൂടെ പരിഹാരം ഉരുത്തിരിയണം.

ജഡ്ജിമാരെ നിയമിക്കുന്ന പ്രസിഡന്റാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് എന്ന് ചിലർ അഭിപ്രായപ്പെട്ടതിനോട് ഞാൻ യോജിക്കുന്നില്ല. ജനങ്ങളാണ് ആത്യന്തികമായി യഥാർത്ഥ യജമാനന്മാർ. ജനങ്ങൾ നൽകുന്ന അധികാരമാണ് ലെജിസ്ലെച്ചറിനും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമുള്ളത്. സുപ്രീം കോടതിയിൽ നടക്കുന്നതെന്താണെന്ന് മാധ്യമങ്ങൾ വഴി ജനങ്ങളിലേക്കെത്തിക്കാനാണ് 4 ജഡ്ജിമാർ ശ്രമിച്ചത്. ജനാധിപത്യത്തിൽ സ്വീകരിക്കാവുന്ന  ഏറ്റവും നല്ല മാർഗ്ഗം. വിദ്യാഭ്യാസമുള്ളവർക്ക് മാത്രമേ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയൂ എന്ന രീതിയിലുള്ള വിധിപ്രസ്താവങ്ങൾ നടത്തിയിട്ടുള്ള ജസ്റ്റിസ് ചെലമേശ്വറിനെപ്പോലെയുള്ളവർ അങ്ങനെ ഒരു നിലപാട് ഇപ്പോൾ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇന്നലെ ജസ്റ്റിസ് ചെലമേശ്വറും മറ്റു ജഡ്ജിമാരും പണ്ഡിതന്മാരായ നിയമവിദഗ്ദ്ധരുടെയോ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെയോ മുന്നിലല്ല ഈ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. ദരിദ്രകോടികൾ അടങ്ങുന്ന ഇന്ത്യൻ പൗരന്മാരുടെ മുമ്പിലാണ് കാര്യങ്ങൾ പറഞ്ഞത്. സമ്മർദ്ദം ചെലുത്തി സ്വന്തം ഇഷ്ടം സാധിച്ചെടുക്കാനുള്ള ശ്രമമായിരുന്നില്ല അത്. രാജ്യത്തെ ബാധിക്കുന്ന പരമപ്രധാനമായ കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയുകയായിരുന്നു. വളരെ ക്രിയാത്മകമായ രീതിയിലുള്ള ഇടപെടലാണ് അത്. പക്ഷേ, പ്രത്യേക കാരണങ്ങളാൽ ചില കേസുകൾ, ഇഷ്ടക്കാരായ ജഡ്ജിമാർക്ക് കൊടുത്ത് ഇഷ്ടപ്പെട്ട രീതിയിൽ കേസുകൾ തീരുമാനിക്കുന്ന രീതിയുണ്ട് എന്ന് പറയുമ്പോൾ ഏതൊക്കെ കേസുകളിലാണ് ഇങ്ങനെ ഉണ്ടായതെന്ന് തുറന്നു പറയണമായിരുന്നു. ഇക്കാലയളവിൽ സുപ്രീം കോടതി പരിഗണിച്ച കേസുകളുമായി ബന്ധപ്പെട്ട എല്ലാവർക്കും, തങ്ങളുടെ കേസുകൾ പക്ഷപാതപരമായാണോ കൈകാര്യം ചെയ്തതെന്ന് ആശങ്കയുണ്ടാകും. അത്തരത്തിലുള്ള കേസുകൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഇന്നലെ വാർത്താ സമ്മേളനം നടത്തിയ ജഡ്ജിമാർക്കുണ്ടായിരുന്നു. ആ കേസുകളിൽ പുനഃപരിശോധന ആവശ്യമാണ്.

സുപ്രീംകോടതിയുടെ ആഭ്യന്തരകാര്യമാണ്, കോടതി തന്നെ പരിഹാരം കാണട്ടെ എന്ന സമീപനത്തോടും ഞാൻ യോജിക്കുന്നില്ല. ഇത് ജഡ്ജിമാരുടെ വീട്ടുകാര്യമല്ല. ഇത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടക്കുന്ന  ഭരണഘടനാസ്ഥാപനമാണ്. രാജ്യത്തെ ബാധിക്കുന്ന പരമപ്രധാനമായ കേസുകൾ നേരാംവണ്ണമല്ല കൈകാര്യം ചെയ്യപ്പെടുന്നത് എന്ന കാര്യമാണ് ഇന്നലെ 4 ജഡ്ജിമാർ മാധ്യമങ്ങൾ വഴി ജനങ്ങളോട് പങ്കുവെച്ചത്. അല്ലാതെ ദീപക് മിശ്രയുടെ വീട്ടിലെ ചടങ്ങിന് ക്ഷണിച്ചില്ല എന്ന പരാതിയല്ല അവർ പറഞ്ഞത്.സുപ്രീം കോടതിയുടെ  മതിൽക്കെട്ടിനുള്ളിൽ വെച്ച് ഒതുക്കിത്തീർക്കേണ്ട പ്രശ്നങ്ങളല്ല അത്. സുതാര്യതയാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര. നിയമവാഴ്ച കൃത്യമായി നടപ്പാകുന്നുണ്ടെങ്കിൽ ജനങ്ങളിൽ നിന്ന് ഒന്നും മറച്ചു വെയ്‌ക്കേണ്ടതില്ല. ജനങ്ങളുടെ പങ്ക് ജഡ്ജിമാർ പരസ്യമായി അംഗീകരിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ വാർത്താ സമ്മേളനത്തിന്റെ പ്രത്യേകത. ഇതുവരെയുണ്ടായിരുന്ന ഇരുമ്പ്മറ തകർന്നു വീണിരിക്കുന്നു. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും നിലനിൽപിന് സുതാര്യത അനിവാര്യമാണെന്ന വസ്തുതയ്ക്ക് അടിവരയിടുകയാണ് പുതിയ സംഭവ വികാസങ്ങൾ.