മുന്നണി പ്രവേശനത്തിനു മുമ്പേ ജെ.ഡി.യുവില്‍ തമ്മിലടി

#

തിരുവനന്തപുരം (13-01-18) : ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതിനു പിന്നാലെ ജനതാദള്‍ (യു)വില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഇടതുമുന്നണിയില്‍ ചേരുന്നതിനെ എതിര്‍ത്തിരുന്ന കെ.പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ അനുനയിപ്പിച്ച് ഒപ്പം നിറുത്താന്‍ കഴിഞ്ഞ വീരേന്ദ്രകുമാര്‍ പാര്‍ട്ടിയില്‍ ഉടലെടുക്കുന്ന പുതിയ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഭാവി.

വീരേന്ദ്രകുമാര്‍ രാജിവെച്ചതോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ഇടതുമുന്നണി ജെ.ഡി.യുവിന് തന്നെ നല്‍കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. രാജ്യസഭാംഗത്വം ജെ.ഡി.യുവിന് ലഭിക്കുകയാണെങ്കില്‍ വീണ്ടും മത്സരിക്കണമെന്ന് വീരേന്ദ്രകുമാറിന് താല്പര്യമില്ല. പകരം എല്ലാ കുടുംബവാഴ്ച രാഷ്ട്രീയക്കാരെയും പോലെ മകന്‍ ശ്രേയാംസ്‌കുമാറിനെ രാജ്യസഭയില്‍ അയക്കണമെന്നാണ് അദ്ദേഹത്തിന് ആഗ്രഹം. വീരേന്ദ്രകുമാര്‍ മത്സരിക്കുന്നില്ലെങ്കില്‍ ശ്രേയാംസ്‌കുമാര്‍ മത്സരിക്കുന്നതിനോട് ഭൂരിഭാഗം പാര്‍ട്ടി നേതാക്കളും യോജിക്കുന്നില്ല.

ഷേഖ് പി.ഹാരിസ്, വര്‍ഗ്ഗീസ് ജോര്‍ജ് തുടങ്ങി ദീര്‍ഘകാലമായി നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിച്ചിട്ടും പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത നേതാക്കള്‍ രാജ്യസഭാ സീറ്റിനു വേണ്ടി ഇപ്പോള്‍ തന്നെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.ജനതാദളില്‍ മുമ്പുണ്ടായിരുന്ന ആധിപത്യം എം.പി വീരേന്ദ്രകുമാറിന് ഇപ്പോഴില്ല. വീരേന്ദ്രകുമാറിന്റെയും മകന്റെയും താല്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്ന അഭിപ്രായമാണ് ദള്‍ നേതൃത്വത്തിലെ ഭൂരിപക്ഷം പേര്‍ക്കുമുള്ളത്.

ശരദ് യാദവിന്റെ പാര്‍ട്ടിയുടെ ഭാഗമാകാനാണ് വീരേന്ദ്രകുമാറിന്റെ ഇപ്പോഴത്തെ തീരുമാനം. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് മാത്യു ടി.തോമസിന്റെ നേതൃത്വത്തിലുള്ള സെക്യുലര്‍ ജനതാദള്‍. ശ്രേയാംസ്‌കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീരേന്ദ്രകുമാര്‍ പിടിവാശി കാണിക്കുകയാണെങ്കില്‍ കെ.കൃഷ്‌ണൻകുട്ടിയുടെ പാത പിന്തുടർന്ന് ജനതാദള്‍(യു)വിലെ നല്ലൊരു പങ്ക് പ്രവര്‍ത്തകരും ജനതാദള്‍ സെക്യുലറിലേക്ക് പോകാന്‍ സാധ്യതയുണ്ട്. രണ്ടു പാർട്ടികളും ഇടതുമുന്നണിയിലായതുകൊണ്ട് ആ മാറ്റമൊന്നും മുന്നണിയെ ബാധിക്കില്ല.