ശരീരത്തെ തോൽപിച്ച മനസ്സ്

#

കൊല്ലം (13-01-18) :  പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ടു പോകുന്നവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നതാണ് കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ കൃഷ്ണകുമാറിന്റെ ജീവിതം. തിക്തമായ അനുഭവങ്ങളിലൂടെ പരുവപ്പെട്ട വ്യക്തിത്വം. ആ ജീവിതത്തെപ്പറ്റി ആദ്യമറിയുന്നവര്‍ അമ്പരക്കുമെന്ന് തീര്‍ച്ച.

MIND അഥവാ മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി എന്ന സംഘടനയുടെ പ്രധാന സംഘാടകനാണ് 30 കാരനായ കൃഷ്ണകുമാര്‍. ശാരീരിക പരിമിതികള്‍ ഉള്ളതുമൂലം വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവരുടെ സംഘടനയാണ് MIND ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ശരീരത്തിനുള്ളില്‍ ഒരിക്കലും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സുമായി കൃഷ്ണകുമാര്‍ സഞ്ചരിക്കുകയാണ്, തന്നെപ്പോലെയുള്ളവരെ കണ്ടെത്താനും അവരുമായി സംസാരിക്കാനും ജീവിതത്തെ നേരിടാന്‍ അവര്‍ക്കൊരു കൂട്ടാകാനും. ചികിത്സിച്ചു മാറ്റാന്‍ അസാധ്യമായ രോഗങ്ങളുടെ പട്ടികയില്‍പെടുന്നതാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി, മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്നിങ്ങനെ അറിയപ്പെടുന്ന ജനിതകരോഗം. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിതനായാണ് കൃഷ്ണകുമാര്‍ ജനിക്കുന്നത്. മാതാപിതാക്കളായ ശ്രീലതയും പ്രസന്തന്‍ പിള്ളയും ലഭ്യമായ എല്ലാ ചികിത്സാവിധികളും പരീക്ഷിച്ചു നോക്കിയെങ്കിലും രോഗം ഭേദപ്പെടുത്താന്‍ കഴിഞ്ഞില്ല. 5 വര്‍ഷങ്ങള്‍ക്ക്‌ശേഷം കൃഷ്ണകുമാറിന് കൂട്ടിനായെത്തിയ അനിയത്തി ദേവികയും അതേ രോഗാവസ്ഥയുമായാണ് ജനിച്ചതെങ്കിലും ദേവികയ്ക്ക് കൈകാലുകള്‍ കുറച്ചൊക്കെ ചലിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

കുട്ടികളുടെ ശാരീരികാവസ്ഥയ്ക്കിണങ്ങും വിധം വീടിനെ ക്രമീകരിച്ച മാതാപിതാക്കള്‍ ഇരുവര്‍ക്കും പുസ്തകങ്ങള്‍ വാങ്ങിനല്‍കിയും വായിച്ചു നല്‍കിയും കേരളത്തിനകത്തും പുറത്തും മക്കളോടൊത്ത് തുടര്‍യാത്രകള്‍ നടത്തിയും പുറംലോകത്തിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു. ഈ യാത്രകള്‍ ദേവികയില്‍ പക്ഷി നിരീക്ഷണത്തിനും, ചിത്രരചനയ്ക്കുമുള്ള താല്പര്യം വളര്‍ത്തുകയും ചെയ്തു. (ചങ്ങാതിപ്പറവകള്‍ എന്ന പേരില്‍ ദേവികയുടെ പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്.)

ദേവിക വരച്ച ചിത്രങ്ങളുമായി ഗുരുവായൂരിലേക്ക് സകുടുംബം നടത്തിയ യാത്ര കൃഷ്ണകുമാറിന്റെ ജീവിതത്തിലെ രണ്ടാം ഘട്ടമാണ്. ഗുരുവായൂരില്‍ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ചേര്‍ത്തലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൃഷ്ണകുമാറിന് തന്റെ പ്രിയപ്പെട്ട അനിയത്തിയെയും റോള്‍ മോഡലായ അച്ഛനെയും നഷ്ടമായി. അതീവ ഗുരുതരമായ പരുക്കുകളോടെ കൃഷ്ണകുമാറും അമ്മ ശ്രീലതയും മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീടുള്ള ജീവിതവുമായി പൊരുത്തപ്പെടാന്‍ ഇരുവര്‍ക്കും കുറച്ചുസമയം വേണ്ടിവന്നു. പസ്പരം പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവുമായി ജീവിതം തിരികെ പിടിച്ച കൃഷ്ണകുമാറും അമ്മയും ദേവികയുടെ സ്വപ്നമായിരുന്ന ചങ്ങാതിപ്പറവകള്‍ പ്രസിദ്ധപ്പെടുത്തി. പൊതുപ്രവര്‍ത്തനത്തില്‍ അതീവ താല്പരനായിരുന്ന അച്ഛനെക്കുറിച്ച് അവിടെക്കൂടിയവര്‍ പറഞ്ഞവാക്കുകള്‍ കൃഷ്ണകുമാറിന് പുതിയ കാഴ്ചപ്പാടും ഊര്‍ജ്ജവും നല്‍കി.

മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗത്തെക്കുറിച്ച് കൂടുതലറിയാനായി ഏറെ വായനകള്‍ നടത്തിയ കൃഷ്ണകുമാര്‍ ഇന്റെര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ തന്റെ കമാന്‍ഡ് (വാക്കുകള്‍) അനുസരിച്ച് പ്രവര്‍ത്തിക്കുന്ന തരത്തില്‍ സുഹൃത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തി. മസ്‌കുലാര്‍ ഡിസ്‌ട്രോഫിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ രോഗാവസ്ഥമൂലം കഷ്ടപ്പെടുന്നവരെ നേരില്‍ കാണണമെന്നുറപ്പിച്ചു. വീല്‍ ചെയറില്‍ സഞ്ചരിക്കാനുതകുന്ന വിധത്തില്‍ സ്വന്തം വാഹനത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയ കൃഷ്ണകുമാര്‍ നിരവധി തവണ കേരളത്തില്‍ പലയിടങ്ങളിലും ഇതിനായി സഞ്ചരിച്ചു. ഈ യാത്രകളാണ് MIND എന്ന സംഘടനയുടെ പിറവിയിലേക്ക് നയിച്ചത്.

MIND എന്ന സംഘടനയ്ക്ക് കൃത്യമായ പ്രവര്‍ത്തന ലക്ഷ്യമുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. രോഗാവസ്ഥയെപ്പറ്റിയുള്ള ബോധവത്ക്കരണം അതില്‍ ഒന്നാമത്തേതാണ്. രോഗിയും അവരെ പരിചരിക്കുന്നവരും മസ്‌കുലാര്‍ ഡിസ്‌ട്രോഫിയെപ്പറ്റി കൂടുതല്‍ അറിഞ്ഞിരിക്കുന്നത് രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാന്‍ ഏറെ സഹായിക്കുന്ന ഘടകമാണ്. ശാരീരിക വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കുള്ള വിദ്യാഭ്യാസ, തുടര്‍വിദ്യാഭ്യാസ പദ്ധതി, തൊഴില്‍ പരിശീലനം, സഹായ ഉപകരണങ്ങളുടെ നിര്‍മ്മാണവും വിതരണവും റിഹാബിലിറ്റേഷന്‍ എന്നിവയാണ് MIND ന്റെ പ്രധാന അജണ്ടകള്‍. റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നത് ശാരീരിക അവശതകള്‍ ഉള്ളവരെ നടതള്ളാനായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളാകില്ലെന്ന് കൃഷ്ണകുമാറും സുഹൃത്തുക്കളും ഉറപ്പിച്ചു പറയുന്നു. ജീവിതത്തിനെ അതിന്റെ എല്ലാ മാധുര്യത്തോടെയും  നിറവോടെയും അനുഭവിച്ചാസ്വദിക്കാന്‍ കഴിയുന്ന സ്‌നേഹം നിറയുന്ന ഇടങ്ങളാവണം റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നതാണ് അവരുടെ സ്വപ്നം. അതിന് അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് കൃഷ്ണകുമാറും സംഘവും. തന്റെ ഇനിയുള്ള യാത്ര യൂറോപ്പിലേക്കാണെന്ന് കൃഷ്ണകുമാര്‍ പറയുന്നത് ഇത്തരം കാര്യങ്ങളില്‍ സഹായിക്കാന്‍ മനസ്സുള്ളവരെ കണ്ടെത്താനും കൂടിയാണ്.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ്, സമന്വയ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കൃഷ്ണകുമാര്‍ ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിച്ചു. സമന്വയയുടെ ഉദ്ഘാടനത്തില്‍ കൃഷ്ണകുമാര്‍ നടത്തിയ പ്രസംഗത്തിലുടനീളം നിറഞ്ഞുനിന്നത് വെല്ലുവിളികളെ ഇന്ധനമാക്കി മുന്നോട്ടുപോകുന്ന ഒരു പോരാളിയുടെ നിശ്ചയദാര്‍ഢ്യവും തന്റെ സുഹൃത്തുക്കള്‍ക്കായി ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചുളള ശുഭപ്രതീക്ഷയുമായിരുന്നു.

ശാരീരിക പരിമിതികള്‍ ഉളളവരെ ഡിഫറന്റ്‌ലി ഏബിള്‍ (ഭിന്നശേഷിക്കാര്‍) എന്നുവിളിക്കുന്നതിനെ MIND ന്റെ പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കുന്നു. തങ്ങളെ People of Determination എന്നാണ് വിളിക്കേണ്ടതെന്ന് യു.എ.ഇയില്‍ നടപ്പില്‍ വരുത്തിയ നിയമനിര്‍മ്മാണം ചൂണ്ടിക്കാട്ടി കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിച്ചു. ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് പുറം ലോകത്തേക്ക് സഞ്ചരിക്കാനുളള സൗകര്യം ഒരുക്കുക എന്നതാണ് തന്റെ മുന്നിലുളള ആദ്യ ഉദ്യമമെന്ന് വ്യക്തമാക്കിയ കൃഷ്ണകുമാര്‍ അതിനായി വാഹനങ്ങളുടെ രൂപപരിവര്‍ത്തനം (alteration) നിയമപ്രകരം നടത്താനുളള ഒരു കമ്പനി സമാനമനസ്കരുമായി ചേര്‍ന്ന് തുടങ്ങാനുളള ശ്രമത്തിലാണെന്ന് പറഞ്ഞു.

സംഗീതവും സാഹിത്യവും സിനിമയും ഇഷ്ടപ്പെടുന്ന കൃഷ്ണകുമാര്‍ അര്‍ജന്റീനയുടെയും ലയണല്‍ മെസ്സിയുടെയും വിജയം കാണാന്‍ കാത്തിരിക്കുന്ന അനേകം ഫുടബോൾ ആരാധകരില്‍ ഒരാളാണ്. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ക്രിക്കറ്റും ടെന്നീസും ഹോക്കിയും ആസ്വദിക്കുന്ന കൃഷ്ണകുമാര്‍ തന്റെ ആരാധനപാത്രങ്ങളില്‍ മുന്നിലുളള സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കാണണമെന്ന മോഹവും പങ്കുവെച്ചു.