ചെങ്ങന്നൂർ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായർ നിര്യാതനായി

#

ചെന്നൈ (14.01.2018) : ചെങ്ങന്നൂർ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായർ (65) നിര്യാതനായി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് വിമാന മാർഗ്ഗം തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം എപ്പോഴെന്ന് തീരുമാനിച്ചിട്ടില്ല.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐ പ്രവർത്തകനായി പൊതു ജീവിതം ആരംഭിച്ച രാമചന്ദ്രൻ നായർ സി.പി.എം ചെങ്ങന്നൂർ സെക്രട്ടറിയായും ഏരിയ സെക്രട്ടറായായും പ്രവർത്തിച്ചിട്ടുണ്ട്. പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് എക്കണോമിക്സിൽ എം.എ യും തിരുവനന്തപുരം ഗവ.ലോ കോളേജിൽ നിന്ന് എൽ.എൽ.ബി യും പാസ്സായ രാമചന്ദ്രൻ നായർ ചെങ്ങന്നൂർ കോടതിയിൽ അഭിഭാഷകനായിരിക്കെ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റായി. 2001 ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിലെ ശോഭനാ ജോർജിനോട് പരാജയപ്പെട്ടു. 2016ൽ പി.സി.വിഷ്ണുനാഥിനെ എണ്ണായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തി. രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സുഹൃദ് ബന്ധത്തിന് ഉടമയായ രാമചന്ദ്രൻ നായർ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.