സുപ്രീംകോടതി : ഭിന്നത രൂക്ഷം ; ചീഫ് ജസ്റ്റിസിനെതിരേ രോഷം പുകയുന്നു

#

ന്യൂഡല്‍ഹി (16-01-18) : സുപ്രീംകോടതിയിലെ നടപടിക്രമങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടെന്ന് 4 മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനുവേണ്ടി നടന്ന ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ഈ 4 ജഡ്ജിമാരെയും ഒഴിവാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് 5 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഇന്നലെ രാവിലെ സുപ്രീം കോടതി ലോഞ്ചില്‍ ജഡ്ജിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കപ്പെട്ടു എന്ന് വ്യാപക പ്രചരണമുണ്ടായി. എന്നാല്‍ ഈ പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ അറിയിച്ചിരുന്നു.

ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിച്ചു എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ആ പ്രസ്താവന വേണുഗോപാല്‍ തന്നെ പിന്നീട് തിരുത്തി. പ്രശ്‌നം പരിഹരിച്ചു എന്ന പ്രചരണം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെ നിസ്സാരവത്ക്കരിക്കാനുള്ള ശ്രമമാണെന്ന് വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടതായി ജഡ്ജിമാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ കോടതിയില്‍ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് മിശ്രയുടെ കോടതിയില്‍ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രശ്‌നം ഉന്നയിക്കുകയും വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരെ വിമര്‍ശിക്കുകയും ചെയ്തു. ചിരി മാത്രമായിരുന്നു ചീഫ് ജസ്റ്റിസില്‍ നിന്നുള്ള പ്രതികരണം.

തനിക്ക് ഇഷ്ടമുള്ള ജഡ്ജിമാരെ മാത്രം ഉള്‍പ്പെടുത്തി ഭരണഘടനാ ബഞ്ച് രൂപീകരിക്കുക വഴി, തന്റെ തന്നിഷ്ടത്തിന് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നല്‍കുന്നത്. മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഭരണഘടനാ ബഞ്ച് രൂപീകരിക്കുക എന്ന കീഴ്‌വഴക്കം അവഗണിച്ചാലും ആര്‍ക്കും ഒന്നും ചെയ്യാനാകില്ല എന്ന വിശ്വാസമാണ് ചീഫ് ജസ്റ്റിസിനുള്ളത്. കീഴ്‌വഴക്കങ്ങള്‍ക്ക് പകരം സുപ്രീംകോടതിയുടെ എല്ലാ നടപടികള്‍ക്കും വ്യക്തമായ ചട്ടങ്ങളും ലിഖിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആവശ്യമാണ് എന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി.

ചീഫ് ജസ്റ്റിസിന്റെ തന്നിഷ്ടപ്രകാരമുളള നീക്കങ്ങളില്‍ മുന്‍ ന്യായാധിപന്മാരും സാമൂഹിക പ്രസക്തിയുളള വിഷയങ്ങള്‍ ഏറ്റെടുക്കാറുളള നിയമജ്ഞരും അസംതൃപ്തരാണ്. സുപ്രീം കോടതിയെയും നിയമ സംവിധാനത്തെയും ഒരു വ്യക്തിയുടെ താല്‍പര്യത്തിനുവേണ്ടി വഴി തെറ്റിക്കുന്നു എന്ന വിമര്‍ശനം അഭിഭാഷക സമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. ചീഫ് ജസ്റ്റിസിന്,രഹസ്യമായി പിന്തുണ നല്‍കാനുളള സമര്‍ത്ഥമായ നീക്കങ്ങളാണ് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുളളത്. രാജ്യത്തെ നിയമ സംവിധാനത്തിന്റെ നില നില്‍പ്പിനെതന്നെ ബാധിക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലായി ഉന്നത നീതിപീഠത്തിലെ ഭിന്നത മാറിക്കൂടായ്കയില്ല.