ഗീതാഗോപിനാഥ് പറയുന്നത് എല്‍.ഡി.എഫിന്റെ നയമല്ല : കാനം

#

തിരുവനന്തപുരം (16-01-18) : ഗീതാഗോപിനാഥ് ഇടതു ജനാധിപത്യ മുന്നണിയുടെ ഉപദേശകയല്ല എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗീതാ ഗോപിനാഥ് നല്‍കുന്ന ഉപദേശം സ്വീകരിക്കണമോ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ എന്നും ഇടതുമുന്നണിയുടെ നയമാണ് മുന്നണി നടപ്പാക്കുന്നതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സ്വകാര്യവത്ക്കരിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരേ സ്ഥാപനത്തിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തെ അഭിവാദ്യം ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിന് എതിരാണ് ഇടതുമുന്നണിയെന്നും പൊതുമേഖലയെ സംരക്ഷിക്കുക എന്നതാണ് ഇടതുമുന്നണിയുടെ നയമെന്നും കാനം പറഞ്ഞു. സ്വകാര്യവല്ക്കരണത്തിന് എതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടതുപാര്‍ട്ടികള്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.