എന്നെ കൊല്ലാൻ ശ്രമം : തൊഗാഡിയ

#

ന്യൂഡൽഹി (16-01-18) : ഇന്നലെ കാണാതായതായി വാർത്തയുണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ വൈകിട്ടോടെ അഹമ്മദാബാദിൽ അബോധാവസ്ഥയിൽ കണ്ടെത്തി. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് തൊഗാഡിയ ബോധരഹിതനാവുകയായിരുന്നു എന്നാണ് സംശയം. അഹമ്മദാബാദിൽ ഒരു ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് 62 കാരനായ തൊഗാഡിയ.

തന്നെ നിശ്ശബ്ദനാക്കാൻ ശ്രമം നടക്കുന്നതായും രാമക്ഷേത്രം, പശു സംരക്ഷണത്തിനു വേണ്ടിയുള്ള നിയമം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വി.എച്ച്.പി നേതാവ് പറഞ്ഞു. ഒരു ദശകം പഴക്കമുള്ള കേസിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാൻ പോലീസ് സംഘം തന്നെ അറസ്റ്റ് ചെയ്യാൻ വന്നുവെന്നും തന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലാൻ പദ്ധതിയുണ്ടെന്നും തൊഗാഡിയ പറഞ്ഞു. അതേ സമയം രാജസ്ഥാൻ പോലീസോ ലോക്കൽ പോലീസോ തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.