ജസ്റ്റിസ് ലോയയുടെ മരണം : രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി

#

ന്യൂഡല്‍ഹി (16-01-18) : ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും പരിശോധിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണ് രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരം ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, സീല്‍ വച്ച കവറില്‍ കോടതിക്ക് കൈമാറുകയുണ്ടായി. രേഖകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അഭ്യര്‍ത്ഥിച്ചപ്പോഴാണ് രേഖകള്‍ രഹസ്യമാക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.

കേസ് കോടതി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അധിക രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് അനുവാദം നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും നല്‍കിയ വ്യത്യസ്ത പൊതു താല്പര്യ ഹര്‍ജികളാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് പരിഗണിക്കുന്നത്. കേസുകള്‍ ജഡ്ജിമാര്‍ക്ക് നിശ്ചയിച്ചു നല്‍കുന്നതു സംബന്ധിച്ച് 4 മുതിര്‍ന്ന അഭിഭാഷകര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാനകേസാണ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചത്.