പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

#

തിരുവനന്തപുരം (16-01-18) : രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്‌നോളജിയിൽ നിന്ന് ഈയിടെയായി കേള്‍ക്കുന്ന വാര്‍ത്തകളൊന്നും സ്ഥാപനത്തിന്റെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ല. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ചിട്ടുള്ള ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ ടെക്‌നോളജി, സ്ഥാപനത്തിന്റെ പേര് ഉപയോഗപ്പെടുത്തി വിദ്യാഭ്യാസക്കച്ചചവടം നടത്താന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തങ്ങള്‍ നടത്തുന്ന കോഴ്‌സിനെക്കുറിച്ച് പാര്‍ലമെന്റിനെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന മാസ്റ്റര്‍ ഒഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്) ഡിഗ്രിയെക്കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വസ്തുതകള്‍ തെറ്റായി ധരിപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന എം.പി.എച്ച്, മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ നല്‍കുന്ന മെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് മെഡിക്കല്‍ ബിരുദമായും മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ക്ക് സാധാരണ ബിരുദാനന്തര ബിരുദമായും കരുതാം എന്നാണ് എം.പി.യ്ക്ക് നല്‍കിയ ഉത്തരത്തില്‍ പറയുന്നത്. പക്ഷേ, അതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നത് അംഗീകൃത മെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ ബിരുദമാണ് എ.പി.എച്ച് എന്നാണ്.

ഗസറ്റ് വിജ്ഞാപനത്തിന് വിരുദ്ധമായി മെഡിക്കല്‍ വിഷയങ്ങള്‍ കൂടാതെ ചില മറ്റു ചില വിഷയങ്ങള്‍ കൂടി അപേക്ഷ ക്ഷണിക്കുമ്പോള്‍ ഉള്‍പ്പെടുത്തി. എന്നാൽ അക്കൂട്ടത്തിലും പെടാത്ത എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കും എം.പി.എച്ചിന് പ്രവേശനം നല്‍കി. കൃത്യമായ ഒരു മാനദണ്ഡവും പാലിക്കാതെ അധികൃതരില്‍ ചിലരുടെ തന്നിഷ്ടത്തിനും താല്പര്യങ്ങള്‍ക്കും അനുസരിച്ച് കോഴ്‌സുകള്‍ നടത്തുകയും പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്  ഒഫ് മെഡിക്കല്‍ ടെക്‌നോളജിയുടെ പേരുപയോഗിച്ച് കച്ചവടം നടത്താന്‍ അനുവദിക്കുകയും ചെയ്യുന്ന അധികൃതര്‍ രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമായ ഈ സ്ഥാപനത്തിന്റെ ശവക്കുഴി തോണ്ടുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ജനതാല്പര്യം മുന്‍നിര്‍ത്തി പഠന ഗവേഷണങ്ങള്‍ നിര്‍വ്വഹിക്കാനും ചികിത്സ നടത്താനും വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനം തകരാതിരിക്കണമെങ്കില്‍ ശക്തമായ ജനകീയ ഇടപെടല്‍ ആവശ്യമാണ്.