സി.പി.ഐ ആദ്യം ബഹളം വയ്ക്കും ; പിന്നെ വിധേയരാകും : ചെന്നിത്തല

#

തിരുവനന്തപുരം (16-01-18) : മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് എതിര്‍ക്കാന്‍ ത്രാണിയില്ല എന്ന് വച്ച് അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ സി.പി.ഐ ആക്ഷേപിക്കുന്നതു കൊണ്ട് എന്തു കാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.ഐയുടെ മുഖപത്രമായ ജനയുഗവും ഗീതാഗോപിനാഥിനെതിരെ രംഗത്ത് വന്നിരിക്കുന്നത് വിചിത്രമാണ്. ഗീതാഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാണ്. ആ നിലയ്ക്ക് അവരുടെ വീക്ഷണവും അവര്‍ നല്‍കുന്ന ഉപദേശങ്ങളും  മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. അവ ഇടതു പക്ഷത്തിന്റെ നയമല്ലെന്ന് കാനത്തിനും സി.പി.ഐയ്ക്കും സ്വയം ആശ്വസിക്കാമെന്നേയുള്ളൂ.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാ ഗോപിനാഥിന്റെ നിലപാടുകളെ ശ്ലാഘിക്കുന്ന സി.പി.ഐ ചെലവ് ചുരുക്കാനുള്ള അവരുടെ ഉപദേശങ്ങളെ മാത്രം എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ എന്നിവ അധികച്ചിലവുകളാണെന്നും അവ നിയന്ത്രിക്കണണെന്നുമാണ് ഗീതാ ഗോപിനാഥിന്റെ നിലപാട്. ഇതനുസരിച്ചുള്ള ഉപദേശം തന്നെയായിരിക്കും അവര്‍ മുഖ്യമന്ത്രിക്കും നല്‍കുക. അത് ഇടതു പക്ഷത്തിന്റെ  നയമല്ലെന്നും നടപ്പാകില്ലെന്നും സി.പി.ഐ പറഞ്ഞതു കൊണ്ട് മാത്രം നടപ്പാവാതിരിക്കണമെന്നില്ല. എല്ലാ കാര്യങ്ങളിലും സി.പി.ഐ ബഹളം വയ്ക്കുമെങ്കിലും  പിന്നീട് വിനീത വിധേയരായി വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നതെന്നും ഇക്കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.