ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത ; ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല

#

ന്യൂഡല്‍ഹി (17-01-18) :  എല്ലാ ബുധനാഴ്ചകളിലും സുപ്രീംകോടതി ജഡ്ജിമാര്‍ ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുക എന്ന പതിവിന് ഇന്നും മാറ്റമുണ്ടാകില്ല. ഏതെങ്കിലും ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്ന് തയ്യാറാക്കി എത്തിക്കുന്ന ഭക്ഷണം ഒരു തീന്‍മേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും ചേര്‍ന്ന് കഴിക്കുന്ന പതിവിന് രണ്ടു ദശാബ്ദത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 4 മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരേ ആരോപണം ഉന്നയിച്ചതിനു ശേഷമുള്ള ആദ്യത്തെ ബുധനാഴ്ചയാണ് ഇന്ന്.

ബുധനാഴ്ചയിലെ ഉച്ചഭക്ഷണവേളയില്‍ കോടതി സംബന്ധിച്ച കാര്യങ്ങളൊന്നും ചര്‍ച്ചയാകാറില്ല. 1 മണിക്കാണ് ജഡ്ജിമാര്‍ ഉച്ചഭക്ഷണത്തിന് ഒത്തുകൂടുന്നത്. 1 മണിക്ക് 10 മിനിട്ട് മുമ്പേ തന്നെ ജഡ്ജിമാര്‍ കോടതിമുറിക്കുള്ളില്‍ നിന്ന് പുറത്തുവരും. ഉച്ചഭക്ഷണവേളയില്‍ വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയാകില്ലെങ്കിലും ജഡ്ജിമാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിന് അയവുവരുത്താന്‍ ഈ ഒത്തുച്ചേരല്‍ കുറേയൊക്കെ സഹായിക്കും.

വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരുമായി ഇന്നലെ ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് വൈകിട്ട് വീണ്ടും നാലു ജഡ്ജിമാരെയും ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പനി ബാധിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നത്തെ ഉച്ചഭക്ഷണത്തിലും വൈകിട്ട് നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കില്ല. ഇന്നത്തെ ഉച്ചഭക്ഷണത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഒഴികെയുള്ള എല്ലാ ജഡ്ജിമാരും പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയില്‍ ചെലമേശ്വര്‍ ഒഴികെയുള്ള 3 ജഡ്ജിമാരും പങ്കെടുക്കും.

കൂടിക്കാഴ്ചയും സമവായചര്‍ച്ചകളുമൊക്കെ ഒരു വശത്ത് നടക്കുമ്പോഴും സ്വന്തം നിലപാടില്‍ നിന്ന് പുറകോട്ട് പോകാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാകുന്നതിന്റെ സൂചനയൊന്നുമില്ല. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത 4 ജഡ്ജിമാരെയും ഒഴിവാക്കി ഭരണഘടനാബഞ്ച് രൂപീകരിച്ചതു തന്നെ ചീഫ് ജസ്റ്റിസ് ഒത്തുതീര്‍പ്പിന്റെ മാര്‍ഗ്ഗത്തിലല്ല എന്ന് വ്യക്തമാക്കുന്നതാണ്. അതേസമയം പ്രധാനപ്പെട്ട മിക്ക കേസുകളും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിയോഗിക്കാറുള്ള ജസ്റ്റിസ് അരുണ്‍മിശ്ര കടുത്ത സമ്മര്‍ദ്ദത്തിലാണ്. താന്‍ അന്യായമായി ആക്രമിക്കപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസിനോടും സഹ ജഡ്ജിമാരോടും ജസ്റ്റിസ് അരുണ്‍ മിശ്ര പരാതിപ്പെടുകയുണ്ടായി. ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കുന്നതില്‍ നിന്ന് അരുണ്‍ മിശ്രയുടെ ബഞ്ച് പിന്‍വാങ്ങാനും സാധ്യതയുണ്ട്. പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത എല്ലാവരും ആവശ്യപ്പെട്ടതു പോലെ ഫുള്‍കോര്‍ട്ട് യോഗം വിളിച്ചു കൂട്ടാന്‍ ചീഫ് ജസ്റ്റിസ് ഇതുവരെ തയ്യാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ സമീപനം അനുസരിച്ചായിരിക്കും സമവായത്തിനുള്ള സാധ്യതകള്‍.