തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ; വിജിലന്‍സ് സംഘത്തെ മാറ്റി

#

തിരുവനന്തപുരം (18-01-18) : മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കുന്ന നിലവിലുള്ള സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. അന്വേഷണം നടത്തിവന്ന കോട്ടയം വിജിലന്‍സ് യൂണിറ്റിനെയാണ് മാറ്റിയത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിന് പുതുതായി അന്വേഷണ ചുമതല നല്‍കി. അസി.കമ്മീഷണര്‍ കെ.ഇ.ബൈജുവാണ് അന്വേഷണ സംഘത്തിന്റെ തലവന്‍.

വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷിക്കുന്ന അഴിമതിക്കേസിലെ കുറ്റക്കാര്‍ ഒന്നൊന്നായി കുറ്റവിമുക്തരാക്കപ്പെടുന്നതിനിടയിലാണ് തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റിയിരിക്കുന്നത്. സംശയാസ്പദമായ പശ്ചാത്തലമുള്ള ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി സ്ഥാനത്തോടൊപ്പം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനവും വഹിക്കുമ്പോഴാണ് വിവാദപരമായ തീരുമാനങ്ങളുണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.