പ്രതിസന്ധി മറികടക്കാന്‍ ചീഫ് ജസ്റ്റിസും 4 ജഡ്ജിമാരുമായി ചര്‍ച്ച

#

ന്യൂഡല്‍ഹി (18-01-18) : ഇന്ന് സുപ്രീംകോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ്, ചീഫ് ജസ്റ്റിസും ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയ 4 മുതിര്‍ന്ന ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി. ഇന്നലെ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ചെലമേശ്വര്‍ പനി ബാധിതനായിരുന്നതിനാല്‍ ഇന്നലെ കൂടിക്കാഴ്ച നടന്നിരുന്നില്ല.

കേസുകള്‍ ജഡ്ജിമാര്‍ക്ക് അനുവദിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശനമുന്നയിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ എഴുതി നല്‍കി. ഹൈക്കോടതികളില്‍ നിലവിലുള്ളതുപോലെ, പ്രത്യേക കേസുകള്‍ പരിഗണിക്കാന്‍ ഒരു വിദഗ്ദ്ധ ബഞ്ച് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ജഡ്ജിമാര്‍ മുന്നോട്ടുവെച്ചതായാണ് വിവരം.

ഏതെങ്കിലും ജഡ്ജിക്ക് എതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട അഴിമതിയും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. പ്രധാന കേസുകള്‍ ജഡ്ജിമാര്‍ക്ക് അനുവദിച്ചു നല്‍കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരോട് വിശദീകരിച്ചു.

4 ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ എങ്ങനെ പരിഹാരം കാണാന്‍ കഴിയുന്നു എന്നതനുസരിച്ചായിരിക്കും സുപ്രീംകോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി അവസാനിക്കുക. പല തലങ്ങളില്‍ ഇതിനുവേണ്ടി നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട കൂടിക്കാഴ്ചയാണ് ഇന്ന് 4 ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മില്‍ നടന്നത്. ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മില്‍ ഇനിയും കൂടിക്കാഴ്ച ഉണ്ടാകും. ഫുള്‍കോര്‍ട്ട് വിളിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല.