ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു ; 6-ാം ക്ലാസുകാരി പോലീസ് നിരീക്ഷണത്തില്‍

#

ലക്‌നൗ (18-01-18) : സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന 7 വയസ്സുള്ള കുട്ടിക്ക് കുത്തേറ്റു. ത്രിവേണി നഗര്‍ ബ്രൈറ്റ്‌ലാന്‍ഡ് ഇന്റെര്‍ കോളേജ് സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ മറ്റൊരു ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി തന്നെ ടോയ്‌ലറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നെന്ന് കുത്തേറ്റ ഹൃതിക് ശര്‍മ്മ എന്ന കുട്ടി പോലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്.

മുടി ബോയ്‌സ് കട്ട് ചെയ്ത ഒരു ചേച്ചി, ടീച്ചര്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് തന്നെ ടോയ്‌ലറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് കുത്തേറ്റ ഹൃതിക് ശര്‍മ്മയുടെ മൊഴി. എന്തിനാണ് തന്നെ മര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇന്ന് സ്‌കൂള്‍ നേരത്തേ വിടാന്‍ വേണ്ടിയെന്നായിരുന്നുവത്രേ ഉത്തരം. 6-ാം ക്ലാസില്‍ പഠിക്കുന്ന 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഹൃതിക്കിനെ കുത്തി പരിക്കേല്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംശയിക്കപ്പെടുന്ന പെണ്‍കുട്ടി മുമ്പൊരിക്കല്‍ സ്വന്തം കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നു. ക്ലാസ്സില്‍ പ്രശ്‌നക്കാരിയാണ് ആ കുട്ടി എന്നാണ് പറയപ്പെടുന്നത്. 16-ാം തീയതി നടന്ന സംഭവത്തെകുറിച്ച് 17-ാം തീയതിയാണ് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചത്. സ്‌കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലൂവെയ്ൽ ഗെയിമുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.