നിശാഗന്ധി പുരസ്‌കാരം വി.പി.ധനഞ്ജന്‍-ശാന്താധനഞ്ജയന്‍മാര്‍ക്ക്

#

(18-01-18) : ഈ വർഷത്തെ നിശാഗന്ധി പുരസ്‌കാരം പ്രശസ്ത ഭരതനാട്യം പ്രയോക്താക്കളും നര്‍ത്തക ദമ്പതികളുമായ വി.പി.ധനഞ്ജയനും ശാന്താധനഞ്ജയനും സമ്മാനിക്കും. ഭാരതത്തിന്റെ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാര്‍ക്കാണ്  നിശാഗന്ധി പുരസ്‌കാരം.

ഭരതനാട്യത്തിന്റെ ശൈലി അതിന്റെ ശക്തിയും ചൈതന്യവും ചോര്‍ന്ന് പോകാതെ തന്നെ കാലോചിതമായ നവഭാവുകത്വം പകര്‍ത്ത നര്‍ത്തക ദമ്പതികളാണ് ധനഞ്ജയന്‍മാര്‍. ഒരു തലമുറയ്ക്ക് തന്നെ പ്രചോദനമായി മാറിയ ധനഞ്ജയന്മാര്‍ ഭരതനാട്യത്തിന്റെ പരമ്പരാഗത സമ്പ്രദായത്തിന് പുതിയ ചിന്തകളും സവിശേഷമായ ക്രിയാത്മകതയും സമന്വയിപ്പിച്ച നവീന ശൈലിയുടെ പ്രയോക്താക്കളാണ്. ഇതിഹാസ തുല്യമായ രുകിമിണീ ദേവി അരുണ്‍ഡെയ്‌ലിന്റെ പ്രഥമശിഷ്യരായി കലാക്ഷേത്രയിലെ അഭ്യാസത്തിനുശേഷം ധനഞ്ജയന്‍മാര്‍ 1968 ല്‍ ആരംഭിച്ച ഭക്തകലാഞ്ജലി ഇന്ന് ഭാരതീയകലയും സംസ്‌കാരവും ഗുരകുല സമ്പ്രദായത്തില്‍ അഭ്യസിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പുകഴ്‌പെറ്റ കലാകേന്ദ്രമാണ്. നിരവധി പാശ്ചാത്യ നൃത്തസംവിധായകരും ബാലെ നര്‍ത്തകരുമായിച്ചേര്‍ന്ന് ഭരതനാട്യവും കഥകളിയും തനിമ ചോരാതെ സന്നിവേശിപ്പിച്ച് നവീനമായ നൃത്തശില്പങ്ങളൊരുക്കി ആഗോള പ്രശസ്തരായവരാണ് ധനഞ്ജയന്മാര്‍.

മുന്‍ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍, കലാനിരൂപകരും ഗ്രന്ഥകാരന്മാരുമായ ആശിഷ് മോഹന്‍ ഖോക്കര്‍, വിജേയ് സായി, പ്രമുഖ നര്‍ത്തകിയും ഗ്രന്ഥകാരിയുമായ ആനന്ദശങ്കര്‍ ജയന്തന്‍, മുന്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു, ഡയറക്ടര്‍ പി.ബാല, കിരണ്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.