സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

#

ചേര്‍ത്തല (20-01-18) : സെക്രട്ടേറിയറ്റിനു മുന്നിലെ ദീര്‍ഘകാല സമരത്തിലൂടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയെടുത്ത യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) വീണ്ടും സംസ്ഥാന വ്യാപക സമരത്തിന്റെ പാതയില്‍. സര്‍ക്കാർ പ്രതിനിധികളും ആശുപത്രി ഉടമകളുടെയും നഴ്‌സുമാരുടെയും പ്രതിനിധികളും ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരാര്‍ നടപ്പാക്കാന്‍ പല മാനേജ്‌മെന്റുകളും വിസമ്മതിക്കുകയും നഴ്‌സുമാര്‍ക്കെതിരേ പ്രതികാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വീണ്ടും സംസ്ഥാന തലത്തില്‍ സമരം ആരംഭിക്കുന്നതിനെക്കുറിച്ച് യു.എന്‍.എ ആലോചിക്കുന്നത്.

ചേര്‍ത്തല കെ.വി.എം ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്കെതിരേ സ്വീകരിച്ച പ്രതികാര നടപടികളാണ് യു.എന്‍.എയെ വീണ്ടും സമരരംഗത്ത് എത്തിച്ചിരിക്കുന്നത്. ആവശ്യത്തിന് പ്രവൃത്തി പരിചയമുള്ള രണ്ട് നഴ്‌സുമാരെ പരിശീലനത്തിന് എന്ന പേരില്‍ പിരിച്ചു വിട്ടതിന് എതിരേ കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ 150 ദിവസമായി സമരത്തിലാണ്. സമരം ചെയ്യുന്ന നഴ്‌സുമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ആശുപത്രി അടച്ചിടാനാണ് മാനേജ്‌മെന്റ് തുനിഞ്ഞത്. സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലം ആശുപത്രി തുറന്നെങ്കിലും നഴ്‌സുമാരെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.  മന്ത്രിമാരായ ഡോ.തോമസ് ഐസക്കും പി.തിലോത്തമനും പങ്കെടുത്ത ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള ധാര്‍ഷ്ട്യമാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രകടിപ്പിച്ചത്.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍.എ സംസ്ഥാന വൈസ്പ്രസിഡന്റ് സിബി മുകേഷ് ആവശ്യപ്പെട്ടു. മാനേജ്‌മെന്റിനെ നിലയ്ക്കു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിരിച്ചുവിട്ട നഴ്‌സുമാരെ എത്രയും വേഗം തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ നഴ്‌സുമാരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വീണ്ടും സംസ്ഥാന വ്യാപകമായ സമരം യു.എന്‍.എ ആരംഭിക്കുമെന്ന് സിബി മുകേഷ് മുന്നറിയിപ്പ് നൽകി.