നടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നു : ദിലീപിനെതിരെ അന്വേഷണസംഘം

#

കൊച്ചി (22-01-18) : നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട ദിലീപിനെതിരെ കർശന നിലപാടുമായി അന്വേഷണസംഘം. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും മുറിപ്പെടുത്തുന്നതിനും സമൂഹമധ്യത്തിൽ അപമാനിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ദിലീപിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും പോലീസ് കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി.

കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ മാത്രം അടർത്തി മാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നത്. ഹര്‍ജിയുടെ പകര്‍പ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ മോശക്കാരിയാക്കാന്‍ ദിലീപിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായെന്നും പോലീസ് പറയുന്നു. മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ 254 രേഖകള്‍ ചട്ടപ്രകാരം കിട്ടാനുണ്ടെന്നാണ് ദിലീപിന്റെ ആവശ്യം.