എം ആർ വാക്സിൻ ; ആരിഫ് എം.എൽ.എ.തെറ്റ് തിരുത്തണം: ഐ.എം.എ

#

തിരുവനന്തപുരം (22-01-18) : ലോകത്തെ മുഴുവൻ രാജ്യങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മീസിൽ റൂബില്ല വാക്സിനേഷൻ തന്റെ കുട്ടികൾക്ക് നൽകാതിരിക്കുകയും, വാക്സിനേഷന് എതിരെ  നിലപാട് സ്വീകരിക്കുകയും ചെയ്ത എ.എം ആരിഫ് എം.എൽ.എ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുകയാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പുരോഗമന പ്രസ്ഥാനത്തിന്റെ ജനപ്രതിനിധിയായ ആരിഫ് ഇത്തരം നിലപാട് സ്വീകരിക്കുന്നത് തികച്ചും ആശങ്ക ജനകമാണെന്ന് ഐ.എം എ സംസ്ഥാന പ്രസിഡൻറ് ഡോ.ഇ.കെ.ഉമ്മറും, സെക്രട്ടറി ഡോ.എൻ.സുൾഫിയും പ്രസ്താവനയിൽ പറഞ്ഞു. ശാസ്ത്രത്തോടും, വിദ്യാഭ്യാസ പുരോഗതിയോടും എന്നും പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ പ്രസ്താനത്തിന്റെ എം.എൽ.എ ഇത്തരം ഒരു നിലപാടിൽ എത്തിയത് അതിശയകരമായി തോന്നി. കേന്ദ്ര സംസ്ഥാന സർക്കാരുകളും ലോകാരോഗ്യ സംഘടനയുമൊക്കെ വാക്സിനേഷന് വേണ്ടി അഹോരാത്രം പ്രയത്നിക്കുമ്പോൾ  തികച്ചും അശാസ്ത്രീയമായ നിലപാട് എം.എൽ.എ സ്വീകരിച്ചത് പൊതുജനാരോഗ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഐ.എം എ വിലയിരുത്തി.

സംസ്ഥാനത്ത് വാക്സിനേഷൻ 100 % നടപ്പിലാക്കാൻ സർക്കാരും,ആരോഗ്യ മന്ത്രിയും കാണിക്കുന്ന താൽപര്യം മാതൃകാപരമാണ്. ഈ അവസരത്തിൽ ഭരണപക്ഷത്തിലെ ഒരു അംഗം തന്നെ മീസിൽ റൂബില്ല വാക്സിനേഷന് എതിരെ പരസ്യ നിലപാട് സ്വീകരിച്ചത് അനൗചിത്യമാണെന്ന് ഐ.എം.എ കുറ്റപ്പെടുത്തി . ഈ സാഹചര്യത്തിൽ എം.എൽ.എ തെറ്റ് തിരുത്തുകയും ശാസ്ത്രത്തോടൊപ്പം  നിൽക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു.