പദ്മാവതിനെതിരെ സംസ്ഥാനങ്ങൾ വീണ്ടും സുപ്രീംകോടതിയിൽ

#

ന്യൂഡൽഹി (22-01-18) : സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിനെതിരെ സംസ്ഥാനങ്ങൾ വീണ്ടും സുപ്രീംകോടതിയിൽ. ഈ മാസം 25 നു ചിത്രത്തിന്റെ രാജ്യവ്യാപക റിലീസിന് തയ്യാറെടുക്കേയാണ് വീണ്ടും സംസ്ഥാനങ്ങൾ ചിത്രത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.

അതേസമയം, ചിത്രം നിരോധിക്കുക അതല്ലെങ്കിൽ സ്വന്തം ജീവൻ ത്യജിക്കാൻ അനുവാദം നൽകുക എന്നാവശ്യപ്പെട്ട് രജപുത്ര വനിതകൾ ചിറ്റോറിലെ കോട്ടയിലേക്ക് മാർച്ച് നടത്തിയിരുന്നു. ചിത്രം രാജ്യവ്യാപകമായി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ചിത്രത്തിനെതിരായ പ്രതിഷേധം രജപുത്ര സംഘടനകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.ചിത്രം പുറത്തിറങ്ങിയാൽ 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും സേനാവൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർ കുരുക്ഷേത്രയിലെ മാൾ അടിച്ചു തകർത്തു. മാളിലെ തീയേറ്ററിൽ പദ്മാവത് പ്രദർശിപ്പിക്കും എന്നാരോപിച്ചായിരുന്നു അക്രമം. "പദ്മാവത്" പ്രദർശിപ്പിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് രജപുത്ര കർണിസേന തലവൻ ലോകേന്ദ്ര സിംഗ് കൽവിയാണ് ആവർത്തിച്ചു വ്യക്തമാക്കിയത്. ചിത്രം പ്രദർശിപ്പിക്കാൻ ഒരു സംസ്ഥാനങ്ങളും തയാറാകരുതെന്നാവശ്യപ്പെട്ട കൽവി, ഏതെങ്കിലും കാരണവശാൽ‌ ചിത്രം പ്രദർശിപ്പിച്ചാൽ പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്നും കൂട്ടിച്ചേർത്തു.

നേരത്തെ ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ  പദ്മാവത് റിലീസ് ചെയ്യുന്നത് നിരോധിച്ചിരുന്നു. ഇതിനെതിരെ നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. റിലീസ്തടഞ്ഞുകൊണ്ടുള്ള സംസ്ഥാനങ്ങളുടെ ഉത്തരവ്  സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിക്കെതിരെയാണ് മധ്യപ്രദേശും രാജസ്ഥാനും വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.