കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്കില്ല : യു.എന്‍ സെക്രട്ടറി ജനറല്‍

#

ന്യൂയോര്‍ക്ക് (23-01-18) : കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍. ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഏതു പ്രശ്‌നത്തിലും മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷ്ട്ര സഭ ഒരുക്കമാണെങ്കിലും ബന്ധപ്പെട്ട കക്ഷികള്‍ യോജിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമേ മധ്യസ്ഥതയ്ക്ക് തയ്യാറാവുകയുള്ളൂ എന്ന് യു.എന്‍ ജനറല്‍ സെക്രട്ടറിയുടെ വക്താവ് പറഞ്ഞു. കാശ്മീര്‍ പ്രശ്‌നത്തിന്റെ കാര്യത്തിലെന്നല്ല, ഒന്നിലധികം രാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാ തര്‍ക്കപ്രശ്‌നങ്ങളിലും ഐക്യരാഷ്ട്രസഭയുടെ സമീപനം ഇതാണ്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ദ്ധിച്ചിട്ടും യു.എന്‍ നിശ്ശബ്ദത പാലിക്കുന്നതെന്താണെന്ന ചോദ്യത്തിന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു യു.എൻ ജനറല്‍ സെക്രട്ടറിയുടെ വക്താവ്. കാശ്മീരിലെ സംഭവ വികാസങ്ങള്‍ ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച്, കഴിഞ്ഞ 10 ദിവസങ്ങളായി വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍. പക്ഷേ, ബന്ധപ്പെട്ട കക്ഷികള്‍ ആവശ്യപ്പെടാതെ മധ്യസ്ഥത്തിന് യു.എന്‍ തയ്യാറല്ലെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി വക്താവ് അറിയിച്ചു.