ചീഫ്‌ജസ്റ്റിസിനെതിരായി ഇംപീച്ച്മെന്റ് നീക്കം ഉണ്ടായാൽ പിന്തുണക്കും : കോൺഗ്രസ്

#

ന്യൂഡൽഹി (25-01-18) : സുപ്രീംകോടതി ചീഫ്‌ജസ്റ്റിസിനെതിരെ ഇടതുപക്ഷം ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കുമെന്ന് കോൺഗ്രസ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കുന്നത്.

സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ അട്ടിമറിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പരാതി. കൂടാതെ മെഡിക്കൽ കോഴ വിവാദത്തിലും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുണ്ട്. ആരോപണം ഉയർന്ന് ഇത്രയും നാളായിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് ഇംപീച്ച്മെന്റിന് നീക്കം നടത്തുന്നതെന്ന് കഴി‍ഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ യെച്ചൂരി പ്രതിപക്ഷ പാര്‍ട്ടികളുമായി ഒരുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് സൂചന. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ചമെന്‍റ് നീക്കം ഉണ്ടായാൽ പിന്തുണക്കാനാണ് കോണ്‍ഗ്രസിൽ ഉണ്ടായിരിക്കുന്ന ധാരണ.

കോണ്‍ഗ്രസ് പിന്തുണച്ചാൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരാനാകും. ഇതിനായി 50 അംഗങ്ങളുടെ പിന്തുണ മതിയാകും. ലോക്സഭയിൽ മതിയായ പിന്തുണ ആർജ്ജിക്കുക അസാധ്യമാണെങ്കിൽകൂടി ഇത്തരത്തിൽ ഒരു പ്രമേയം കൊണ്ടുവന്നാൽ ഇത് ചീഫ് ജസ്റ്റിസിന്റെ പദവിയിൽ തുടരുന്നത് ജസ്റ്റിസ് ദീപക് മിശ്രക്ക് ധാർമികമായി പ്രതിസന്ധി ഉയർത്തുകതന്നെ ചെയ്യും.