നാളൈ നമതെ ; കമല്‍ഹാസന്റെ യാത്ര ഫെബ്രുവരി 21 ന് തുടങ്ങും

#

ചെന്നൈ (25-01-18) : രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ കമല്‍ഹാസന്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര ഫെബ്രുവരി 21 ന് ആരംഭിക്കും. യാത്രയ്ക്ക് നാളൈ നമതെ (നാളെ നമ്മുടേത്) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എം.ജി.ആറിന്റെ വന്‍ ജനപ്രീതി നേടിയ ചലച്ചിത്രത്തിന്റെ പേരാണ് കമല്‍ഹാസന്‍ യാത്രയ്ക്ക് നല്‍കിയത്. 1975 ല്‍ നാളൈ നമതെ എന്ന സിനിമ പുറത്തിറങ്ങി 2 വര്‍ഷം കഴിഞ്ഞപ്പോഴേക്ക് എം.ജി.ആര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തി.

രാഷ്ട്രീയത്തില്‍ സസ്പന്‍സിനും അമ്പരപ്പിക്കലിനും പ്രസക്തിയില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് താന്‍ നടത്തുന്ന യാത്രയുടെ പേര് പരസ്യമാക്കുന്നതെന്ന്, ആനന്ദവികടന്‍ മാസികയിലെ പതിവ് കോളത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ജനങ്ങളുടെ ഭരണം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും നാളൈ നമതെ അതിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.