6 താലിബാൻ-ഹഖാനി തീവ്രവാദികളെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി

#

വാഷിംഗ്‌ടൺ (26-01-18) : വർഷങ്ങളായുള്ള സൈനിക സഹായം നിർത്തലാക്കിയതിനു പിന്നാലെ പാകിസ്ഥാൻ ഇരുട്ടടിയുമായി അമേരിക്ക. താലിബാൻ-ഹഖാനി തീവ്രവാദികളായ 6 പേരെ ആഗോള ഭീകരായി പ്രഖ്യാപിക്കുകയും ഇവർക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നതിൽനിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അബ്ദുള്‍ സമദ് സാനി, അബ്ദുള്‍ ഖാദീര്‍ ബസിര്‍ അബ്ദുള്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപള്‍സായി, മൗലവി ഇനായത്തുള്ള എന്നിവരാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ താലിബാൻ ഭീകരർ. ഹഖാനി ശൃംഖലയില്‍ഉള്‍പ്പെട്ട ഫക്കീര്‍ മുഹമ്മദ്, ഗുലാ ഖാന്‍ ഹമീദി എന്നിവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഗോള ഭീകരരായി പ്രഖ്യാപിച്ചതോടെ യു എസ് ജൂറിസ്ഡിക്ഷനിലുള്ള ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെട്ടു. മാത്രമല്ല ഇവരുമായി അമേരിക്കന്‍ പൗരന്മാര്‍ക്ക് സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്താനും കഴിയില്ല. അഫ്‌ഗാനിലെ സഖ്യസേനക്ക് നേരെ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈ ആറുപേരാണെന്നു അമേരിക്കൻ ടെററിസം ആൻഡ് ഫൈനാൻഷ്യൽ ഇന്റലിജിൻസ് അണ്ടർ സെക്രട്ടറി സിഗാൾ പറഞ്ഞു.