ഇറ്റ്‌ഫോക് നാടകപ്രവര്‍ത്തകര്‍ക്ക് പങ്കാളിത്തമില്ലാത്ത വഴിപാടായി മാറി

#

(27-01-18) : (കേരളത്തില്‍ നടന്ന ഒന്നാമത്തെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്) ഡയറക്ടറും പ്രമുഖ നാടകപ്രവര്‍കത്തകയും സംവിധായകയുമായ ജെ.ശൈലജ, 10-ാമത് അന്താരാഷ്ട്ര നാടകോത്സവമാകുമ്പോഴേക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് ലൈഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു)

2007 ല്‍ മുരളി സംഗീത നാടക അക്കാഡമി ചെയര്‍മാനായിരിക്കെ അദ്ദേഹമാണ് സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഒരു നാടകോത്സവം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഒരു ഏഷ്യന്‍ നാടകോത്സവം എന്ന ആശയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു സ്ഥിരം നാടകോത്സവം എന്ന ആശയമായിരുന്നില്ല. ഒറ്റത്തവണ ഒരു ഏഷ്യന്‍ നാടകോത്സവം എന്ന ആശയത്തെക്കുറിച്ച് അദ്ദേഹം എന്നോട് ചര്‍ച്ച ചെയ്തു. ഡല്‍ഹിയില്‍ വന്ന് അദ്ദേഹം എന്നോട് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാടകോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള പരിചയമുള്ളയാള്‍ എന്ന നിലയ്ക്കാകാം എന്നാട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചത്. വര്‍ഷംതോറും സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നാടകോത്സവം എന്ന ആശയം ഞാന്‍ മുന്നോട്ട് വച്ചു. മുരളി ആ ആശയം സന്തോഷത്തോടെ സ്വീകരിച്ചു. 2007 ലാണ് മുരളി ഇക്കാര്യം സംസാരിക്കാനായി ഡല്‍ഹിയില്‍ വന്നത്. ഒന്നര വര്‍ഷം നീണ്ട തുടര്‍ച്ചയായ ആലോചനകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് 2008 ഡിസംബറില്‍ ആദ്യത്തെ ഇറ്റ്‌ഫോക് സംഘടിപ്പിക്കുന്നത്. ഞാനായിരുന്നു ആദ്യത്തെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. 10 ദിവസത്തെ ഫെസ്റ്റിവല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 നാടകങ്ങള്‍. ജോസ് ചിറമ്മലിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ മുദ്രരാക്ഷസം ആയിരുന്നു മലയാളത്തില്‍ നിന്നുള്ള നാടകം.

അര്‍പ്പണ മനോഭാവത്തോടെയുള്ള കഠിനാദ്ധ്വാനത്തിന്റെ ഫലമായിരുന്നു ഒന്നാമത്തെ ഫെസ്റ്റിവലിന്റെ വിജയം. ഇന്നിപ്പോള്‍ 10-ാമത്തെ ഇറ്റ്‌ഫോക് ആയപ്പോഴേക്ക് തുടങ്ങുമ്പോഴുണ്ടായിരുന്ന സങ്കല്പങ്ങളില്‍ നിന്നൊക്കെ വളരെയേറെ മാറിപ്പോയിരിക്കുന്നു. സാധാരണ നാടകപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഒന്നും പങ്കില്ലാത്ത വെറും വഴിപാടായി മാറിയിരിക്കുന്നു ഇറ്റ്‌ഫോക്. ഏറ്റവും ജനപങ്കാളിത്തമുള്ളതായിരുന്നു ആദ്യത്തെ ഇറ്റ്‌ഫോക്. ആദ്യത്തെ 3 നാടകോത്സവങ്ങള്‍ മികച്ച രീതിയില്‍ നടന്നു. വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു ആ നാടകോത്സവങ്ങളിൽ. നാടക പ്രവര്‍ത്തകരിലും പ്രേക്ഷകരിലും വലിയ പ്രതീക്ഷ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. നേരെ വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ.

തൃശൂര്‍ ജില്ലയിലെ പ്രാന്ത പ്രദേശങ്ങളിലുള്ളവര്‍ക്ക് പോലും ഇറ്റ്‌ഫോക്കില്‍ പങ്കെടുക്കാന്‍ കഴിയാറില്ല. തൃശൂരിന് പുറത്തുള്ള ജില്ലകളിലെ ഒരാള്‍ക്കും ഇറ്റ്‌ഫോക്കില്‍ എന്തു നടക്കുന്നു എന്ന് അറിയാന്‍ വഴിയില്ല. ഇറ്റ്‌ഫോക്കിന്റെ വാര്‍ത്തകള്‍ തൃശൂര്‍ ജില്ലയുടെ പ്രാദേശിക പേജുകളില്‍ മാത്രമാണ് വരുന്നത്. സാധാരണക്കാരായ നാടക പ്രവര്‍ത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിക്കാനുള്ള ഒരു ശ്രമവും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. നാടകപ്രവര്‍ത്തകര്‍ വന്നാല്‍ എവിടെ താമസിക്കും? എങ്ങനെ ഭക്ഷണം കഴിക്കും? സാധാരണക്കാരായ നാടക കലാകാരന്മാരെ മുഴുവന്‍ പുറത്തു നിര്‍ത്തി ആര്‍ക്കു വേണ്ടിയാണിതു നടത്തുന്നത്? കഴിഞ്ഞ വര്‍ഷം വരെ നാടകോത്സവത്തിന് ഒരു ഡയറക്ടറുണ്ടായിരുന്നു. ഈ വര്‍ഷം ഡയറക്ടറില്ല. പകരം 3 ക്യൂറേറ്റര്‍മാരാണ്. ഒരാള്‍ക്കു പകരം 3 പേരെ വയ്ക്കലാണോ ചെലവ് ചുരുക്കല്‍? തങ്ങളെ ഒന്നും അറിയിച്ചില്ലെന്ന് ക്യൂറേറ്റര്‍മാര്‍ പറഞ്ഞതായി പത്രവാര്‍ത്തയുണ്ടായിരുന്നു. ക്യൂറേറ്റര്‍മാരെ വച്ചത് നാടകങ്ങള്‍ തെരഞ്ഞെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് സംഘാടകരുടെ മറുപടിയും വന്നു. 3 ക്യൂറേറ്റര്‍മാരും ഫെസ്റ്റിവല്‍ സ്ഥലത്ത് തന്നെയുണ്ട്. നാടകം തെരഞ്ഞെടുക്കുക മാത്രമാണ് അവരുടെ ജോലി എങ്കില്‍ ചെല്ലും ചെലവും കൊടുത്ത് അവരെ ഇവിടെ താമസിപ്പിക്കുന്നത് എന്തിനാണ്? ആര്‍ക്കും ഒന്നിനും ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ് അവിടെ.

Reclaiming the Margins എന്നാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ മുഖ്യപ്രമേയം. പാർശ്വവൽകൃതരുടെ രക്ഷാകർത്താക്കളാകുകയല്ല വേണ്ടത്. പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാർക്കും കലാകാരികൾക്കും ആവിഷ്കാരത്തിനുള്ള അവസരങ്ങൾ ഒരുക്കുകയാണ് വേണ്ടത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതവും പ്രതിരോധവും ആവിഷ്കരിക്കുന്ന നാടകങ്ങൾ കളിക്കുകയാണ് വേണ്ടത്. ഇവിടെ പാർശ്വവൽകൃതരായ കലാകാരന്മാർക്കും കലാകാരികൾക്കും എന്ത് പ്രാതിനിധ്യമാണുണ്ടായത്? പാർശ്വവൽക്കരിക്കപ്പെട്ടവരിൽ നിന്നാണോ ക്യുറേറ്റർമാരെ തെരഞ്ഞെടുത്തത്? അപകടകരമായ രാഷ്ട്രീയമാണ് ഇത്. പാർശ്വവൽകൃതരുടെ പേര് പറയുകയും അവരുടെ ചെലവിൽ വരേണ്യ കലയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള എത്രയോ ഉന്നതരായ നാടക കലാകാരന്മാരും കലാകാരികളും ഗവേഷകരുമുണ്ട് ഇവിടെ. അവരെ ആരെയും ഇറ്റ്‌ഫോക്കിന്റെ വേദികളിൽ കാണാനില്ല. പാർശ്വവൽകൃതരെ ഏറ്റെടുക്കാനുള്ള വരേണ്യരുടെ ഗൂഢശ്രമം അംഗീകരിച്ചുകൊടുക്കാനാവില്ല.

സര്‍ക്കാരിന്റെ പ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്ന ഒരിടത്തും നാടകപ്രവര്‍ത്തകരെ വിളിക്കാറില്ല. ലോക കേരളസഭ നടന്നല്ലോ. അവിടെ  സിനിമാക്കാരെ വിളിച്ചിരുന്നു. സിനിമ ഒരു വ്യവസായമാണ്. ധനപരമായ കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാത്തതുകൊണ്ടാകും നാടകക്കാരെ അവിടെ പ്രവേശിപ്പിക്കാതിരുന്നത്. കലാപരമായ സംവേദനവും ആശയപരമായ പങ്ക് വെയ്ക്കലുമൊക്കെ ആര്‍ക്കു വേണമെന്നതാകാം കാഴ്ചപ്പാട്. നാടകക്കാര്‍ക്ക് സാമൂഹ്യപദവി ഇല്ലല്ലോ. കൊച്ചിയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കോഴിക്കോട്ടുള്ള ചെറുകഥ എഴുതുന്ന ഒരു കോളേജ് അധ്യാപികയാണ് നാടകത്തെക്കുറിച്ച്  സംസാരിച്ചതെന്ന് കേട്ടു. നാടകത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ കഴിയുന്ന നൂറുകണക്കിനാളുകള്‍ കേരളത്തിലുണ്ട്. അവരെയാരെയും വിളിച്ചില്ല.

കലാകാരന്മാരെയും കലാകാരികളെയും കലയ്ക്കു വേണ്ടി നിലകൊള്ളുന്നവരെയും പുറത്തുനിറുത്തിക്കൊണ്ടുള്ള സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് എന്തു പ്രസക്തി? കൊട്ടാരവാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നവരല്ല കലാകാരന്മാര്‍. ഉന്നതരുടെ തീന്‍മേശയില്‍ ഒപ്പം ഇരിക്കാന്‍ സാമൂഹ്യ യോഗ്യതയില്ലാത്തവരാണ് അവര്‍. നാടക പ്രവര്‍ത്തകരും കലാകാരന്മാരും മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവരാണ്.   മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന കലാകാരനെ അന്വേഷിച്ചു കണ്ടെത്തേണ്ട ചുമതല ഇടതുപക്ഷത്തിനുണ്ടെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, മണ്ണില്‍ ഉറച്ചു നില്‍ക്കുന്ന എത്ര കലാകാരന്മാരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ പണം കൊണ്ടു നടത്തുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക്, ഇടതുപക്ഷത്തിന്റെ കാലത്തുപോലും കഴിഞ്ഞു എന്ന് നമ്മള്‍ അന്വേഷിക്കണം. നാടകത്തില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് അന്തസ്സുള്ള പെരുമാറ്റം പോലും ലഭിക്കുന്നില്ല.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പരിപാടികളുടെയും ഘടന അഴിച്ചു പണിഞ്ഞേ മതിയാകൂ.നാടകോത്സവത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും സര്‍ക്കാരിനില്ല. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ മാത്രമേ ഇറ്റ്‌ഫോക് പോലെ ഒരു അന്താരാഷ്ട്ര നാടകോത്സവം ഭംഗിയായി നടത്താന്‍ കഴിയൂ. സംഗീതനാടക അക്കാഡമി ഭരിക്കുന്നവരുടെ സൗജന്യമല്ല അന്താരാഷ്ട്ര നാടകോത്സവം. ഇറ്റ്‌ഫോക്കിന് ഒരു പ്രത്യേക ഫണ്ടില്ല. കൃത്യമായ ഒരു കലണ്ടര്‍ പോലുമില്ല. സംഗീത നാടക അക്കാഡമി തോന്നുന്നതുപോലെയാണ് ഫെസ്റ്റിവലിന്റെ ഡയറക്ടറെ തീരുമാനിക്കുന്നത്. ഇതിനൊന്നും കൃത്യമായ ഒരു മാനദണ്ഡവുമില്ല. ഇവിടെ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു രൂപവുമില്ല.

നാടക് എന്ന പേരില്‍ ഞങ്ങള്‍ നാടകപ്രവര്‍ത്തകര്‍ രൂപീകരിച്ച സംഘടനയ്ക്ക് നാടക കലാകാരന്മാരില്‍ നിന്നും ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നാടക കലാകാരന്മാരുടെ ആത്മവിശ്വാസം ഉയര്‍ത്താനും അവര്‍ക്ക് ഈ മണ്ണില്‍ ചവിട്ടി നിന്ന്  അന്തസ്സായി നാടകപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഒരുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു വലിയ ജനകീയ പ്രസ്ഥാനമായി നാടക് വളരുകയാണ്. സംഘടന കെട്ടിപ്പടുക്കുന്നതിന്റെ വലിയ ചുമതല ഇപ്പോഴുണ്ട്. തീര്‍ച്ചയായും ഇറ്റ്‌ഫോക്കിന്റെ നടത്തിപ്പും സംഗീത നാടക അക്കാഡമിയുടെ പ്രവര്‍ത്തനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാധാരണ നാടകപ്രവര്‍ത്തകരുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള ശക്തമായ ഇടപെടല്‍ നാടക് നടത്തും. ഇന്നത്തെ രീതിയില്‍ മുന്നോട്ട് പോകുന്നത് വെറുതേ നോക്കി നില്‍ക്കാനാവില്ല.