സെന്‍സര്‍ ബോഡ് ചെയര്‍മാന് ഭീഷണി ; ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കില്ല

#

ജയ്പൂര്‍ (27-01-18) : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം പത്മാവതിന് പ്രദര്‍ശനാനുമതി നല്‍കിയതിന്റെ പേരില്‍ സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂന്‍ ജോഷിക്ക് ഭീഷണി. ഭീഷണി മൂലം ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവലില്‍ ജോഷി പങ്കെടുക്കില്ല. രജ്പുത് കര്‍ണിസേന എന്ന സംഘടനയാണ് സെന്‍സര്‍ ബോഡ് ചെയര്‍മാനെതിരേ ഭീഷണി മുഴക്കിയിരിക്കുന്നത്.

സംഘാടകരും ജയ്പൂര്‍ പോലീസും പ്രസൂന്‍ ജോഷിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജോഷി സ്വയം പിന്മാറുകയായിരുന്നു. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡ് ചെയര്‍മാന്‍ എന്ന നിലയില്‍ കടമ നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രസൂന്‍ ജോഷി പ്രസ്താവനയില്‍ പറഞ്ഞു. താന്‍ മൂലം സംഘാടകര്‍ക്കും മറ്റു ഏഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്നതിനാലാണ് താന്‍ മാറി നില്‍ക്കുന്നതെന്ന് ജോഷി പറഞ്ഞു.