ഇംപീച്ച്‌മെന്റ് നീക്കത്തിനിടയില്‍ തിരക്കിട്ട് സമവായശ്രമങ്ങള്‍

#

ന്യൂഡല്‍ഹി (29-01-18) : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഏറ്റവും മുതിര്‍ന്ന 4 ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരക്കാനുള്ള ശ്രമങ്ങള്‍ സജീവം. ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍.ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും അഭയ്കുമാര്‍ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, യു.യു.ലളിത് എന്നീ ജഡ്ജിമാരും ചീഫ് ജസ്റ്റിസുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന ധാരണയാണ് ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയിലുണ്ടായത്. കേസുകള്‍ അനുവദിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ അപ്രമാദിത്വം അവസാനിപ്പിക്കണമെന്ന 4 ജഡ്ജിമാരുടെ ആവശ്യത്തോട് ചീഫ് ജസ്റ്റിസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കാതലായ പ്രശ്‌നങ്ങളില്‍ ധാരണയൊന്നുമായിട്ടില്ല.

ഇതിനിടയില്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വരികയും ആ നീക്കത്തെ പിന്തുണയ്ക്കുമെന്ന സൂചന കോണ്‍ഗ്രസ് നല്‍കുകയും ചെയ്തതോടെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കേണ്ടത് ചീഫ് ജസ്റ്റിസിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ജസ്റ്റിസ് ലോയയുടെ മരണം ഇന്നാരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. സുപ്രീംകോടതിയുടെ നടത്തിപ്പില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും അതിനുവേണ്ട നിയമനിര്‍മ്മാണം നടപ്പാക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്. ജഡ്ജിമാരുടെ നിയമനത്തിന്  കൊളീജിയം എന്ന സമ്പ്രദായം ഭരണഘടനാ പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന വാദവും പാര്‍ലമെന്റില്‍ ഉയരും. സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിനനത പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ ചര്‍ച്ചകളിലേക്ക് പോകാനിട നല്‍കാതെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിക്കാനാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഉള്‍പ്പെടെ ഒരു വിഭാഗം മുതിര്‍ന്ന അഭിഭാഷകര്‍ ശ്രമിക്കുന്നത്.

ജനുവരി 31 ന് ചീഫ് ജസ്റ്റിസും വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരും കൂടി വീണ്ടും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചകളിലെ പതിവനുസരിച്ച് ജഡ്ജിമാര്‍ ഒന്നിച്ചുള്ള ഉച്ചഭക്ഷണവും അന്നുണ്ടാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചയാകും ബുധനാഴ്ചയുണ്ടാകുക എന്ന് ചീഫ് ജസ്റ്റിസിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.