പുരോഗമനകേരളം പോകുന്നത് സതി അനുഷ്ഠാനത്തിലേക്ക്

#

(29-01-18) : (ഷാനി പ്രഭാകരൻ എന്ന മാധ്യമപ്രവർത്തക ഡി.ജി.പിയ്ക്ക് പരാതി നൽകാൻ ഇടയായ സംഭവങ്ങളുടെയും കെ.കെ.രമയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളത്തിൽ ശക്തിപ്പെടുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ച് പ്രമുഖ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ ഡോ.പി.ഗീത ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

സ്ത്രീപുരുഷ ബന്ധങ്ങളോടുള്ള സമീപനത്തില്‍ അപകടകരമായ രീതിയില്‍ പിന്നോട്ടു പോകുകയാണ് കേരളം. വികസനം, സാക്ഷരത തുടങ്ങി പല കാര്യങ്ങളിലും പുരോഗതി അവകാശപ്പെടുന്ന സംസ്ഥാനത്ത്,  വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും വലിയ നേട്ടങ്ങൾ കൈവരിച്ചു എന്ന് അഭിമാനിക്കുന്ന, സ്ത്രീകള്‍ കൂടുതല്‍ ദൃശ്യരായിരിക്കുന്ന, ഒരു സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ ആണ്‍കൂട്ടങ്ങള്‍ നടത്തുന്ന ആക്രമണം ദിവസം കഴിയുംതോറും ശക്തമാകുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വളരെ രൂക്ഷമാണ്. അടുത്ത ദിവസം ഷാനി പ്രഭാകരന്‍ എന്ന മാധ്യമ പവര്‍ത്തക ഡി.ജി.പിയ്ക്ക് പരാതി നല്‍കാന്‍ ഇടയാക്കിയ അധിക്ഷേപങ്ങളും കെ.കെ.രമയെ ആസ്ഥാന വിധവ എന്ന് വിളിച്ച് നടത്തുന്ന ആക്ഷേപങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായാണ് ഞാന്‍ കാണുന്നത്. ഒരു പെണ്ണ് എങ്ങനെയാണ് സമൂഹത്തില്‍ പെരുമാറേണ്ടത്, പുരുഷന്മാരുമായുള്ള അവളുടെ ബന്ധം എങ്ങനെയാകണം, പുരുഷന്മാരോടൊപ്പം അവള്‍ക്ക് സഞ്ചരിക്കാമോ തുടങ്ങി ഒരുപാട് പ്രശ്‌നങ്ങളെ ഉള്ളടക്കിയിട്ടുള്ള പ്രയോഗങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വാസ്തവത്തില്‍ സ്ത്രീ പുരുഷബന്ധങ്ങളുടെ നവീകരണ പ്രക്രിയയെക്കുറിച്ചുള്ള സംവാദത്തിന് വിഘാതമാകുന്ന ഒരുപാട് തരം വിരുദ്ധതകളുടെ ഉള്ളിലാണ് മലയാളത്തിലെ സാമൂഹ്യമാധ്യമരംഗത്തെ ആൺകൂട്ടങ്ങളുടെ സ്ത്രീ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെന്നാണ് ഞാന്‍ അനുഭവത്തില്‍ നിന്നും കാഴ്ചയില്‍ നിന്നും മനസ്സിലാക്കുന്നത്.

വിധവ ഒന്നും സംസാരിക്കാന്‍ പാടില്ല, ദൃശ്യയാകാന്‍ പോലും പാടില്ല, അവള്‍ അപശകുനമാണ് എന്നൊക്കെയാണ് യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍. സ്വന്തം സഖാവിന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പരസ്യമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായ കേരളത്തിലെ ആദ്യത്തെ സ്ത്രീയാണ് കെ.കെ.രമ. ഇനി ഇത്തരത്തിലുള്ള രക്തസാക്ഷികള്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുണ്ടാവരുത് എന്ന വലിയ ലക്ഷ്യത്തോടെ മുന്നോട്ടുവന്ന രമയ്ക്ക് നേരേയുണ്ടായ ഏറ്റവും വലിയ ആക്രമണം സദാചാരപരമായിരുന്നു. എല്ലാവര്‍ക്കും നിലപാടുകളുണ്ടായിരിക്കും. പക്ഷേ, മറ്റു രക്തസാക്ഷികളുടെ ഭാര്യമാര്‍ അതെല്ലാം ഉള്ളിലൊതുക്കി നിശ്ശബ്ദരായി കഴിഞ്ഞപ്പോള്‍ രമ പരസ്യമായി രംഗത്തുവന്നു. ഒരു വിധവ ഇങ്ങനെ സംസാരിക്കാന്‍ പാടില്ല, പരസ്യമായി  പൊതുപ്രവര്‍ത്തനം നടത്താന്‍ പാടില്ല, സഹപ്രവര്‍ത്തകരോടൊപ്പം രാത്രിയും പകലും സഞ്ചരിക്കാന്‍ പാടില്ല, പുരുഷനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കാന്‍ പാടില്ല തുടങ്ങിയ വിലക്കുകളാണ് രമയ്ക്ക് നേരേയുണ്ടായത്. സവര്‍ണ്ണ പുരുഷന്റേതെന്ന് പറയാവുന്ന, സംഘപരിവാറിന്റേതിന് സമാനമായ നിലപാടുകളാണ് പുരോഗമനപരം എന്ന് കരുതപ്പെടുന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. സവര്‍ണ്ണ പൗരുഷത്തിന്റെ, സവര്‍ണ്ണ മതത്തിന്റെ ചട്ടക്കൂടുകള്‍ ഭേദിച്ചു എന്നതുകൊണ്ടാണ് ആൺകൂട്ടങ്ങൾ രമയെ ശത്രുവായി കാണുന്നത്.

ഭര്‍ത്താവ് മരിച്ച സ്ത്രീയെ സംശയത്തോടെ നോക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ നിലപാട് എങ്ങനെയാണ് ഒരു പുരോഗമന പ്രസ്ഥാനത്തിനുണ്ടാവുക? ഷാനിയുടെയും സ്വരാജിന്റെയും സൗഹൃദത്തിലേക്ക് ഒളിച്ചുനോക്കുന്ന മനോരോഗികളില്‍ നിന്ന് രമയെ ആസ്ഥാന വിധവയെന്ന് വിളിച്ചാക്ഷേപിക്കുകയും പരിചിതനായ യുവാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനെ ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ എങ്ങനെയാണ് വ്യത്യസ്തരാകുന്നത്? ഏതെങ്കിലും നേതാവിന്റെ അനുശാസനത്തിന് അനുസരിച്ചാണ് രമയെ ആസ്ഥാനവിധവയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്ന അനുയായികളെ തിരുത്താനുള്ള ബാധ്യത നേതാക്കള്‍ക്കുണ്ട്. അത് തിരുത്തപ്പെട്ട് കാണുന്നില്ല. അതിനര്‍ത്ഥം ഇതിനെ നേതൃത്വത്തിലുള്ളവര്‍ പിന്താങ്ങുന്നു എന്നാണ്.

സ്ത്രീ വിരുദ്ധമായ അധിക്ഷേപങ്ങള്‍ നടത്തുന്ന അനുയായികളെ തിരുത്താന്‍ തയ്യാറാകാത്ത പുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാട് തന്നെയാണ് താക്കോല്‍ദ്വാര ഒളിഞ്ഞുനോട്ടത്തിനും, രാഷ്ട്രീയ പ്രതിയോഗികളെ എതിര്‍ക്കാന്‍ അവരുടെ വ്യക്തിബന്ധങ്ങളെ ഉപയോഗിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നത്. നെഹ്‌റു കുടുംബത്തിലെ സ്ത്രീകളടെ ഗര്‍ഭപാത്രത്തിന്റെ കപ്പാസിറ്റിയെ കുറിച്ച് എന്തിനാണ് ഒരു രാഷ്ട്രീയനേതാവ് സംസാരിക്കുന്നത്? നെഹ്‌റു കുടുംബത്തിലെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന് കൂടുതല്‍ കപ്പാസിറ്റി ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം മറ്റൊന്നാകുമായിരുന്നു എന്ന് പറയുന്നതാണോ ആശയപരമായ വിയോജിപ്പുകള്‍ ഉന്നയിക്കുന്ന രീതി? പെണ്ണിന്റെ ഗര്‍ഭപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. പുരുഷന്മാരുടെ ബീജങ്ങളെക്കുറിച്ചല്ല. പെണ്ണിന്റെ ശരീരത്തെ കേന്ദ്രീകരിച്ച് എതിര്‍പ്പുകള്‍ ഉന്നയിക്കുന്നത് എന്തുതരം രാഷ്ട്രീയമാണ്? എ.കെ.ജിയുടെയും സുശീലയുടെയും പ്രണയത്തെ ആക്ഷേപിച്ച വി.ടി.ബല്‍റാമും ഇതേ സംസ്‌കാരമാണ് പ്രകടിപ്പിച്ചത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല ആ പ്രയോഗം. സുശീല എന്ന പെണ്ണിന്റെ പ്രണയത്തെ മാറ്റിവെച്ച് ഗോപാലന്‍ എന്ന പുരുഷന്റെ കര്‍തൃത്വത്തിലേക്ക് ആ ബന്ധത്തെ ഒതുക്കുകയാണ് ബല്‍റാം ചെയ്തത്. ഇവിടെയുള്ള മതനിരപേക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും എത്രമാത്രം മതപരമായ സദാചാര ശാഠ്യങ്ങള്‍ക്കുള്ളിലാണ് സ്വന്തം ജീവിതത്തെയും സ്വന്തം നിലപാടുകളെയും സ്വന്തം ബോധ്യങ്ങളെയും തളച്ചിട്ടിരിക്കുന്നതെന്നാണ് അതര്‍ത്ഥമാക്കുന്നത്. അവര്‍ പുറത്ത് പ്രഖ്യാപിക്കുന്ന വലിയ സ്ത്രീ വിമോചനാശയങ്ങളും മതേതരത്വവും സംഘപരിവാറിനെതിരായ ആശയങ്ങളുമൊക്കെ എത്ര കപടമാണ്! സതി വീണ്ടും വന്നാല്‍ പോലും സ്വീകരിക്കുന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. വിധവകള്‍ എങ്ങനെ പെരുമാറണം എന്നുള്ളതൊക്കെ അതിന്റെ ഭാഗമാണ്.

ഇത്രകാലമായി ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമായി മുന്നോട്ടു വന്നിട്ടുള്ള സ്ത്രീ പുരുഷ ബന്ധത്തിന്റെ നവീകരണ ശ്രമങ്ങളെ മുഴുവന്‍ പിന്നോട്ടടിക്കുന്ന, മതപരമായ, വര്‍ഗ്ഗീയമായ ചട്ടക്കൂടുകളുടെ പ്രതിഫലനമാണ് ഇപ്പോള്‍ നടക്കുന്ന സ്ത്രീയുടെ മേലുള്ള ആക്രമണങ്ങള്‍. സ്ത്രീയ്ക്ക് പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കാൻ തുനിയുന്ന അണികൾ തിരുത്തപ്പെടണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയാത്തിടത്തോളം കാലം തങ്ങൾക്ക് പറയാൻ കഴിയാത്തത് അണികൾ പറയുകയാണ് എന്ന് അബോധമായെങ്കിലും അവർ സന്തോഷിക്കുകയാണോ എന്ന് സംശയിക്കണം.ഇത് തിരുത്താൻ സാധിക്കുന്നില്ലെങ്കിൽ ആ പ്രസ്ഥാനത്തെ പുരോഗമനപരം എന്ന് വിളിക്കാൻ കഴിയുന്നതെങ്ങനെയാണ്?