കെ വി എം സമരം ഒത്തുതീർത്തില്ലെങ്കിൽ ആരോഗ്യമേഖല സ്തംഭിപ്പിക്കും: യു എൻ എ

#

തിരുവനന്തപുരം (29-01-18) : ചേർത്തല കെ വി എം സമരം സർക്കാർ ഇടപെട്ട് അടിയന്തിരമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു എൻ എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കഴിഞ്ഞ 161 ദിവസം ആയി കെ വി എം ആശുപത്രിയിലെ നഴ്സുമാർ സമരത്തിലാണ്. 2013ലെ മിനിമം വേതനം നടപ്പാക്കുക, 12 മുതൽ 16 മണിക്കൂർ ദിവസേനെ ഉള്ള ജോലി സമയം നിയമപ്രകാരം ക്രമീകരിക്കുക, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പാക്കുക, നിയമപരമല്ലാത്ത രീതിയിലെ ട്രെയിനിങ് അവസാനിപ്പിക്കുക എന്നിവയാണ് സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

കെ വി എം സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി യു എൻ എ പണിമുടക്ക് ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് മാർച്ച് ഉത്‌ഘാടനം ചെയ്തുകൊണ്ട് യു എൻ എ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേഷ് വര്ഗീസ് ജില്ലാ സെക്രട്ടറി സുബി രതീഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ മുഹമ്മദ്, ഹാരിഷ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ പന്ത്രണ്ട് കളക്ട്രേറ്റുകളിലേക്കും യു എൻ എ മാർച്ചും ധർണയും നടത്തി.