പത്മാവത് സ്ത്രീ വിരുദ്ധം: സ്വര ; വേശ്യയായി അഭിനയിച്ചവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമില്ല : സുചിത്ര

#

മുംബൈ (29-01-18) : അന്യപുരുഷന്മാര്‍ക്ക് കീഴടങ്ങാതെ അഭിമാനം സംരക്ഷിക്കാന്‍ സ്വയം തീകൊളുത്തി മരിക്കുന്ന ജൗഹര്‍ എന്ന പ്രാചീനാചാരത്തെ മഹത്വവത്ക്കരിക്കുന്ന സിനിമയാണ് പത്മാവത് എന്ന് ഹിന്ദി നടി സ്വര ഭാസ്‌കര്‍. ദുരഭിമാനക്കൊലയെയും സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദനത്തെയും പോലെ നിന്ദ്യമായ ആചാരങ്ങളാണ് ജൗഹറും സതിയുമെന്നും ഇത്തരം ആചാരങ്ങളെ അംഗീകരിക്കുന്നത് അങ്ങേയറ്റം പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവുമായ നിലപാടാണെന്നും കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റില്‍ സ്വര ഭാസ്‌കര്‍ എഴുതി. സ്ത്രീയുടെ മൂല്യം നിലകൊള്ളുന്നത് അവളുടെ യോനിയിലാണെന്നും സ്ത്രീയുടെ മേല്‍ "ഉടമസ്ഥാവകാശമില്ലാത്ത" പുരുഷന്റെ സ്പര്‍ശവും നോട്ടം പോലും അവളെ വിലയില്ലാത്തവളാക്കുമെന്നും കരുതുന്ന മനോഭാവമാണ് ഇത്തരം ആചാരങ്ങള്‍ക്ക് പുറകിലെന്നും സ്വര എഴുതി. ജൗഹറിനെ മഹത്വവല്ക്കരിക്കുന്ന സമീപനമാണ് പത്മാവതിലുള്ളതെന്ന് സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷിലെ നടി കൂടിയായ സ്വര കുറ്റപ്പെടുത്തി.

സ്വരയുടെ അഭിപ്രായങ്ങളെ ഗായിക സുചിത്ര കൃഷ്ണമൂര്‍ത്തി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വേശ്യയായും ലൈംഗികാതിപ്രസരമുള്ള വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സ്വരയെന്നും അങ്ങനെയുള്ള ഒരാള്‍ ധര്‍മ്മശീലയായ ഒരു രാജ്ഞിയെക്കുറിച്ചുള്ള സിനിമ കണ്ടപ്പോള്‍ സ്വയം യോനി മാത്രമായി മാറിയതായി അനുഭവപ്പെട്ടു എന്നു പറയുന്നത് ഫലിതമാണെന്നും സുചിത്ര എഴുതി. ഒരു സ്ത്രീ യോനി എന്നു പറഞ്ഞത് ചിലര്‍ക്ക് സഹിക്കാനായില്ല എന്നതാണ് ഫലിതമെന്ന് സ്വര തിരിച്ചടിച്ചു. താന്‍ എഴുതിയ 2440 വാക്കുകളുള്ള ലേഖനത്തിലെ യോനി എന്ന വാക്ക് മാത്രം ഓര്‍ത്തതിനെയും സ്വര പരിഹസിച്ചു.