പദ്മ പുരസ്കാരം സംസ്ഥാന ലിസ്റ്റിന് അവഗണന ; എം.ടിയെയും തഴഞ്ഞു

#

തിരുവനന്തപുരം (30-01-18) : പദ്മപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റ് കേന്ദ്രം  അവഗണിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച 42 പേരുടെ ലിസ്റ്റിൽനിന്നും പരിഗണന ലഭിക്കുകയും പദ്മപുരസ്കാരത്തിന് അർഹനാകുകയും ഒരേയൊരാൾ  ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാത്രമാണ്.  മലയാളികളായ പി.പരമേശ്വരൻ, ഡോ.എം.ആർ. രാജഗോപാൽ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവർക്ക് പദ്മപുരസ്കാരം ലഭിച്ചത് സംസ്ഥാന സർക്കാർ ശുപാർശ ഇല്ലാതെയാണ്.

മന്ത്രി എ.കെ.ബാലൻ കൺവീനറായ പ്രത്യേക സമിതി തയാറാക്കിയ ലിസ്റ്റാണ് മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രസർക്കാരിന് നൽകിയത്. ഇതിൽ എം.ടി.വാസുദേവൻ നായർക്ക്‌ പദ്മവിഭൂഷണും കലാമണ്ഡലം ഗോപി, മമ്മൂട്ടി, മോഹൻലാൽ, പെരുവനം കുട്ടൻമാരാർ, സുഗതകുമാരി എന്നിവർക്ക് പദ്മഭൂഷണും സർക്കാർ ശുപാർശ ചെയ്തിരുന്നു. സൂര്യകൃഷ്ണമൂർത്തി, ചവറ പാറുക്കുട്ടി, കലാനിലയം പരമേശ്വരൻ,സദനം കൃഷ്‌ണൻകുട്ടിനായർ, കാനായി കുഞ്ഞിരാമൻ, പണ്ഡിറ്റ് രമേശ് നാരായണൻ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.ജി.ജയൻ, പ്രൊഫ.എം. സുബ്രഹ്മണ്യ ശർമ്മ, കലാമണ്ഡലം വിമല മേനോൻ, മാതംഗി സത്യമൂർത്തി, ജി.കെ.പിള്ള, പുതുമന ഗോവിന്ദൻ നമ്പൂതിരി, പഴയന്നൂർ പരമേശ്വരൻ. മാതൂർ ഗോവിന്ദൻകുട്ടി, ഇ.പി.ഉണ്ണി, നെടുമുടി വേണു, പി.ജയചന്ദ്രൻ, ഡോ.പി.വി.ഗംഗാധരൻ, ഡോ.സഞ്ജീവ് തോമസ്, എം.കെ.രാമൻ മാസ്റ്റർ, ഡോ.ജയകുമാർ, ഡോ. ശശിധരൻ, ഫാ.ഡേവിസ് ചിറമ്മേൽ, എം.മാത്യൂസ്, കെ.എൻ.ഗോപാലകൃഷ്ണഭട്ട്, ഇ.ചന്ദ്രശേഖരൻ നായർ, സി.രാധാകൃഷ്‌ണൻ, എം.കെ.സാനു, ടി.പദ്മനാഭൻ എന്നിവരെ പദ്മശ്രീക്കും സർക്കാർ ശുപാർശ ചെയ്തിരുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, തോമസ് ചാണ്ടി, മാത്യു.ടി.തോമസ്, ഇ.ചന്ദ്രശേഖരൻ,  ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ലിസ്റ്റ് തയ്യാറാക്കിയത്.