ആവിഷ്കാരം കോടതികയറുന്ന കാലം : ആമിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

#

കൊച്ചി (31-01-18) : മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കുന്ന ആമിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. യഥാർത്ഥ വസ്തുതകൾ മറച്ചും വളച്ചൊടിച്ചുമാണ് ചിത്രം തയ്യാറാക്കുന്നത് എന്നാരോപിച്ചാണ് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

യാഥാർഥ്യത്തെ വളച്ചൊടിക്കുന്നതിന് സംവിധായകന് അധികാരമില്ല. ആമിയുടെ തിരക്കഥ കോടതി നേരിട്ട് പരിശോധിച്ച് മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേതഗതി വരുത്താന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ആമിയായി നിശ്ചയിച്ചിരുന്ന നടി വിദ്യാബാലന്റെ പിന്മാറ്റത്തോടെ തുടക്കം മുതൽ വിവാദങ്ങൾ കമലിന്റെ ആമിക്ക് പിന്നാലെയുണ്ടായിരുന്നു. പിന്നീട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മഞ്ജു വാര്യരെ തീരുമാനിച്ചപ്പോഴും വിദ്യാബാലന്റെ പിന്മാറ്റത്തെക്കുറിച്ചു കമലിന്റെ പ്രതികരണവുമെല്ലാം ആമിയെ ചർച്ചകളിൽ സജീവമായി നിർത്തി. ഇപ്പോൾ ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുമ്പോൾ കോടതി കയറേണ്ട അവസ്ഥയിലുമായി.

ഫെബ്രുവരി 9 ന് ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് വീണ്ടും പുതിയ വിവാദം. മഞ്ജു വാര്യർക്ക് പുറമെ മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബിജിബാലാണ്‌ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എം ജയചന്ദ്രന്‍, തൗഫിക് ഖുറേഷി എന്നിവരാണ് പാട്ടുകളൊരുക്കുന്നത്.