തടാക തീരത്തെ തീപിടുത്തം അധികാരികളുടെ അവഗണന മൂലം

#

(01-02-18) : ശാസ്താംകോട്ട തടാക തീരത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന തീപിടുത്തത്തിനു കാരണം ബന്ധപ്പെട്ട അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണെന്ന് ശാസ്‌താംകോട്ട തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കരുണാകരൻപിള്ള ആരോപിച്ചു. 2012 ല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മാസങ്ങളോളം ബുദ്ധിമുട്ടി വെള്ളമൊഴിച്ച് വളര്‍ത്തിയെടുത്ത കയര്‍ഫെഡിന്റെ കയര്‍ ഭൂവസ്ത്രം രാമച്ചം വളര്‍ന്ന് വലുതായ സമയത്ത് തീയിട്ടു. ഇത് തൊട്ടടുത്ത വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. പോലീസ് സ്റ്റേഷന്‍ മൂക്കിന് താഴെയായിട്ടും നടപടി ഉണ്ടായില്ല. 2007 ല്‍ വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി വിതരണം ചെയ്ത 25000 മുളം തൈകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ടോ എന്നുപോലും തുടര്‍ അന്വേഷണമുണ്ടായിട്ടില്ല. അവശേഷിച്ച മുളകളില്‍ ഒരു ഭാഗമാണ് നശിപ്പിക്കപ്പെട്ടത്.

ആവര്‍ത്തിച്ചുണ്ടാകുന്ന തീവെയ്പ് ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുപോലും പ്രതികരണമുണ്ടായിട്ടില്ലെന്ന്‌ കെ.കരുണാകരൻപിള്ള കുറ്റപ്പെടുത്തി. ഉളുപ്പില്ലാതെ നൽകുന്ന ഉറപ്പുകളല്ലാതെ ഒരു സംരക്ഷണവും തടാകത്തിനുണ്ടാവുന്നില്ല എന്നു മാത്രമല്ല, ഉള്ളതുകൂടി നശിപ്പിക്കപ്പെടുന്നു. നടപടി എടുക്കേണ്ടവര്‍ നോക്കുകുത്തികള്‍ ആകുന്നു. അടിയന്തിരമായി അന്വേഷണം നടത്തി തീപിടുത്തങ്ങളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ശാസ്‌താംകോട്ട തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാൻ ആവശ്യപ്പെട്ടു.