ഭൂനികുതി കൂട്ടി ; കൃഷി തകർച്ചയിലെന്ന് ബജറ്റ്

#

തിരുവനന്തപുരം (02-02-18) : ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് ഭൂനികുതി വർധിപ്പിച്ചതാണ്. 2015 ൽ  യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ഭൂനികുതി തിരികെ കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ 100 കോടി രൂപ അധികവരുമാനം ലക്ഷ്യമിടുന്നു. എതിർപ്പിനെ തുടർന്ന് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചതാണിത്. അതേ സമയം കാർഷികമേഖല തളർച്ചയിലെന്ന് ബജറ്റ് വിലയിരുത്തുന്നു. കൃഷിയും കൃഷിഭൂമിയും കർഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി അനുവദിച്ചു. വിള ആരോഗ്യം ഉറപ്പാക്കാൻ 54 കോടി. കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. നാളികേര കൃഷിക്ക് 50 കോടി. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമം വരും. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് 71 കോടി രൂപ നീക്കി വച്ചു. പമ്പാ ആക്‌ഷൻ പ്ലാൻ പുനരുജ്ജീവിപ്പിക്കും. വരുന്ന സാമ്പത്തിക വർഷം മൂന്നു കോടി മരങ്ങൾ നടും. വരട്ടാർ പാലത്തിന് അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ പേരു നൽകും. മൃഗസംരക്ഷണത്തിന് 330 കോടി. ക്ഷീരവികസനത്തിന് 107 കോടി. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ജലം ഉറപ്പാക്കാനുള്ള നടപടികൾക്ക് 50 കോടി. വന്യജീവി ശല്യം തടയാനുള്ള നടപടികൾക്ക് 100 കോടി രൂപ വകയിരുത്തി.