പത്മാവത് : കര്‍ണിസേന പ്രതിഷേധം അവസാനിപ്പിക്കുന്നു

#

മുംബൈ (03-02-18) : സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് എന്ന സിനിമയ്ക്ക് എതിരേയുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ണിസേന തീരുമാനിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് ഇനി തടയില്ലെന്ന് സംഘടന അറിയിച്ചു. രജ്പുത് കര്‍ണിസേനയുടെ ദേശീയ അദ്ധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗൊഗമദിയുടെ നിര്‍ദ്ദേശപ്രകാരം സംഘടനയുടെ ചില പ്രവര്‍ത്തകര്‍ മുംബൈയില്‍ സിനിമ കാണുകയുണ്ടായെന്നും രജപുത്രരെ അപകീര്‍ത്തിപ്പെടുത്തുകയല്ല, രജപുത്രരുടെ ധീരതയെ വാഴ്ത്തുകയാണ് സിനിമ എന്നും തങ്ങള്‍ക്ക് മനസ്സിലായെന്നും കര്‍ണിസേനയുടെ മുംബൈയിലെ നേതാവ് യോഗേന്ദ്രസിംഗ് കതാര്‍ പറഞ്ഞു.

അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മിനിയും ഒന്നിച്ച് സ്വീകാര്യമല്ലാത്ത സീനുകള്‍ സിനിമയിലില്ലെന്നും സിനിമ്ക്ക് എതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുന്ന കത്തില്‍ പറയുന്നു.

2016 ജനുവരിയില്‍ ജയ്പൂരില്‍ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടത്തിയ ആക്രമണം മുതല്‍ തുടങ്ങിയ പ്രതിഷേധ പരമ്പരയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. രജ്പുത് കര്‍ണിസേനയുടെ എതിര്‍പ്പിനെതുടര്‍ന്ന് സിനിമയ്ക്ക് പത്മാവതി എന്ന പേര് മാറ്റി പത്മാവത് എന്നാക്കാന്‍ സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. പേര്മാറ്റം ഉള്‍പ്പെടെ സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ജനുവരി 25 ന് സിനിമ പ്രദര്‍ശനത്തിനെത്തിയത്.