കൗമാരകിരീടത്തിൽ നാലാം തവണയും മുത്തമിട്ട് ടീം ഇന്ത്യ

#

ന്യൂസിലാൻഡ് (03-02-18) :  അണ്ടർ 19 ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ നാലാം തവണയും മുത്തമിട്ട് ഇന്ത്യൻ ടീം. മൻജോത് കൽറ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ മികവിൽ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് ഇന്ത്യ കൗമാര കപ്പ് ഉയർത്തിയത്.

രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് പൃഥ്വി ഷായും ടീമും കലാശപ്പോരാട്ടത്തിനിറങ്ങിയത്. മറുവശത്ത് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയോടേറ്റ 100 റൺസ് തോൽവിക്ക് പകരംവീട്ടാൻ എല്ലാ തന്ത്രവും മെനഞ്ഞ് ഓസ്‌ട്രേലിയൻ ടീമും. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 216 റൺസിന് ഓൾ ഔട്ട് ആയിരുന്നു. അർദ്ധസെഞ്ച്വറി നേടിയ ജോനാഥൻ മാർലോയ്ക്ക് മാത്രമാണ് ഇന്ത്യൻ ബൗളർമാരുടെ ആക്രമണത്തിൽ അൽപ്പമെങ്കിലും ചെറുത്തുനിൽക്കാനായത്. ഇന്ത്യൻ ബൗളിംഗ് നിര വിക്കറ്റുകൾ ഓരോന്നായി പിഴുതെടുത്തപ്പോൾ 216 റൺസിൽ ഓസീസ് പട ഓൾ ഔട്ട് ആയി.  ഇഷാൻ , ശിവ സിങ്, കമലേഷ് നഗർകോട്ടി, അങ്കുൽ റോയ് എന്നിവർ ഈരണ്ടു വിക്കറ്റ് വീതം നേടി.

217 റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് രണ്ടുവിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ക്യാപ്റ്റൻ പൃഥ്വി ഷായുടെയും ശുഭ്മാൻ ഗില്ലിന്റെയും. ഇടംകൈയൻ ഓപ്പണർ മൻജോത് കർലയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരവുമായി. 102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു.