ബിനോയ് കോടിയേരിക്ക് എതിരായ കേസ് : സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി

#

തിരുവനന്തപുരം (06-02-18) : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കും ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരായ സാമ്പത്തിക തട്ടിപ്പു കേസുകളെക്കുറിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. കോണ്‍ഗ്രസ് അംഗം അനില്‍ അക്കരെയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

കോടിയേരിയുടെ മക്കളും ഇ.പി.ജയരാജന്റെ മകനും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകനും യു.എ.ഇയില്‍ നടത്തിയ സാമ്പത്തികത്തട്ടിപ്പുകള്‍ പ്രവാസികളെയും മലയാളികളെയും അപമാനിക്കുന്നതാണെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച അനില്‍ അക്കരെ ആരോപിച്ചു. ലോക കേരളസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ബിസിനസ് നടത്തുമ്പോള്‍ കേസുകളുണ്ടാകുക സ്വാഭാവികമാണെന്നും ഇവിടെ സഭയില്‍ അംഗമല്ലാത്തവര്‍ക്കെതിരേയാണ് ആരോപണങ്ങളെന്നും കേസുകളുമായി സി.പി.എമ്മിനോ കോടിയേരി ബാലകൃഷ്ണനോ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വയലാര്‍ രവിയുടെ മകനെതിരായ ആരോപണങ്ങള്‍ ആരും സഭയില്‍ ഉന്നയിച്ചില്ല. സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വദേരയ്ക്കും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ കേസുകള്‍ സഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നില്ല. തീര്‍ത്തും അപ്രസക്തമായ കാര്യങ്ങളാണ് സഭയില്‍  ചര്‍ച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണത്തിന് ഇ.പി.ജയരാജന്‍ സഭയില്‍ മറുപടി നല്‍കി. തന്റെ മകന്‍ എന്ന പേരില്‍ മറ്റൊരു പേരാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പറഞ്ഞിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ബിസിനസിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന തരത്തില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.