മതമല്ല ; രാഷ്ട്രീയമാണ് വേണ്ടത് : കുരീപ്പുഴ

#

കൊല്ലം (06-02-18) : സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെ കേരളത്തെ മാറ്റിത്തീര്‍ത്ത വിപ്ലവകാരികള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താനും പറഞ്ഞതെന്ന് കുരീപ്പുഴ ശ്രീകുമാര്‍. ആ നിലയില്‍ തനിക്കു നേരെയുണ്ടായ ആക്രമണശ്രമം കേരളത്തിലെ പുരോഗമന ചിന്തയ്ക്കു നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടുക്കല്‍ ഒരു പൊതുചടങ്ങില്‍ സംസാരിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ തനിക്കു നേരേ ആര്‍.എസ്.എസ്സുകാര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുകയായിരുന്നു കുരീപ്പുഴ ശ്രീകുമാര്‍.

"കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മൈതാനമടക്കം കേരളത്തിലെ ധാരാളം പൊതു ഇടങ്ങള്‍ വര്‍ഗ്ഗീയ ശക്തികള്‍ കൈയ്യടക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള കയ്യേറ്റങ്ങളുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് വടയമ്പാടിയില്‍ മൈതാനം കയ്യേറാന്‍ നടത്തുന്ന ശ്രമം. നമ്മള്‍ ഇപ്പോള്‍ കൂടിയിരിക്കുന്ന ഈ മൈതാനം ഒരിക്കലും വര്‍ഗ്ഗീയ ശക്തികള്‍ക്ക് മതില്‍ കെട്ടിത്തിരിക്കാനും അവരുടെ സ്വന്തമാക്കാനും അനുവദിക്കരുത്. നമ്മുടെ അടുത്ത തലമുറയിലെ കുട്ടികള്‍ക്ക് കൈമാറാനുള്ളതാണ്. ഇത് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം. ജാതിക്കും മതത്തിനും അതീതമായ ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടാവണം." ഇങ്ങനെയുള്ള തന്റെ വാക്കുകള്‍ ആര്‍.എസ്.എസ്സുകാരെ തീര്‍ച്ചയായും പ്രകോപിപ്പിച്ചിരിക്കാമെന്ന് കുരീപ്പുഴ പറഞ്ഞു. കാരണം വടയമ്പാടിയില്‍ ജാതിമതില്‍ കെട്ടിയത് ആര്‍.എസ്.എസ്സുകാരാണ്.

ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ല എന്ന വലതുപക്ഷത്തിന്റെ ശാഠ്യം വിജയിച്ചതാണ് വടയമ്പാടിയില്‍ ജാതിമതിലിനെതിരേ പ്രതിഷേധിച്ചവരെ ആക്രമിക്കാന്‍ ഹിന്ദു വര്‍ഗ്ഗീയവാദികളെ പ്രേരിപ്പിച്ചത്. സമീപ ഭൂതകാലത്ത് കേരളത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തെറ്റുകളാണ് അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ വയ്ക്കാന്‍ അനുവദിക്കില്ലെന്ന വലതുപക്ഷ ശക്തികളുടെ ശാഠ്യം വിജയിച്ചതും വടയമ്പാടിയില്‍ ജാതിമതിലിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ നടന്ന ആക്രമണവും.

സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചപ്പോള്‍, അദ്ദേഹത്തെ പുലയനയ്യപ്പനെന്ന് വിളിക്കുകയും തലയില്‍ പച്ചെറുമ്പിന്റെ കൂട് കുടഞ്ഞിടുകയും ചാണകം എറിയുകയും ചെയ്തയാളുകള്‍ കേരളത്തില്‍ ഇന്ന് ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പുരോഗമനാശയങ്ങളുള്ള ആളുകള്‍ പോലും പുരോഗമനം പറയാതിരിക്കുകയും വ്യക്തിജീവിതത്തില്‍ പുരോഗമനാശയങ്ങളില്‍ നിന്ന് അകന്നു പോകുകയും ചെയ്യുന്ന കാലത്ത് വിഷച്ചെടികള്‍ തഴച്ചുവളരും. വര്‍ഗ്ഗീയശക്തികള്‍ക്കെതിരായ പ്രതിഷേധം നേര്‍ച്ച പോലെയാകരുത്. കാര്യം ഗ്രഹിക്കുകയും സംസ്‌കാരമായി ഉള്ളില്‍ ഉള്‍ക്കൊള്ളുകയും വേണം. മതാതീതമായി, മതരഹിതമായി ചിന്തിക്കുക ആവശ്യമാണെന്നുള്ള ബോധം കേരളീയര്‍ക്ക് ഉണ്ടായി വരേണ്ടതുണ്ട്. മതം മനുഷ്യര്‍ക്ക് ആവശ്യമുള്ള ഒരു കാര്യമല്ല. പണ്ട് കാലത്തെങ്ങാനും ആരുടെയങ്കിലും ഏതെങ്കിലും പ്രശ്‌നത്തിന് മതം പരിഹാരമുണ്ടാക്കിയിട്ടുണ്ടെങ്കില്‍, ഇന്ന് ഒരു പ്രശ്‌നത്തിനും മതം പരിഹാരമല്ല. അന്തസ്സുറ്റ രാഷ്ട്രീയ പ്രവര്‍ത്തനമാണ് വേണ്ടത്. കാള്‍ മാര്‍ക്‌സിന്റെ, ലെനിന്റെ, മഹാത്മാഗാന്ധിയുടെ, മാവോയുടെ, ചേയുടെ അന്തസുറ്റ രാഷ്ട്രീയം അതാണ് വേണ്ടത്.

വലതുപക്ഷ വര്‍ഗ്ഗീയശക്തികള്‍ കേരളത്തില്‍ കടന്നുകയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആത്യന്തികമായി വിജയിക്കില്ലെന്ന് കുരീപ്പുഴ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.

"ഗ്രഹണത്തിനു വിഷമിത്തിരി കിട്ടുമ്പോള്‍
ഞങ്ങളീ ഗഗനവും ഭൂമിയും ശൂന്യമാക്കും" എന്ന് വയലാര്‍ രാമവര്‍മ്മ പറഞ്ഞതുപോലെ, ഞാഞ്ഞൂലുകള്‍ വിഷം വമിക്കുന്ന ഗ്രഹണകാലമാണ് ഇത്. പക്ഷേ, വയലാര്‍ പറഞ്ഞതു പോലെ,

"ഞാഞ്ഞൂലിന്‍ വിഷമേറ്റു മരിച്ചിട്ടില്ല
ഇവിടത്തെച്ചിതലിന്റെ കുഞ്ഞുപോലും" എന്ന് കുരീപ്പുഴ ഓര്‍മ്മിപ്പിച്ചു.