അരങ്ങൊഴിഞ്ഞത് തെക്കന്‍ ചിട്ടയുടെ പരമാചാര്യന്‍

#

(07-02-18) : (ഇന്നലെ രാത്രി കഥകളി അരങ്ങില്‍ അഭിനയിച്ചു കൊണ്ടിരിക്കെ അന്തരിച്ച മഹാനടന്‍ മടവൂര്‍ വാസുദേവന്‍ നായരെക്കുറിച്ച് അദ്ദേഹത്തെ അടുത്തറിഞ്ഞ പ്രമുഖ കവിയും വാദ്യകലാകാരനുമായ മനോജ് കുറൂര്‍, ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

അച്ഛന്റെയും മുത്തച്ഛന്റെയും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമെന്ന നിലയില്‍ ഓര്‍മ്മവച്ച കാലം മുതല്‍ മടവൂരാശാനെ അടുത്തറിയാം. കഥകളി അരങ്ങില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായി വലിയ നഷ്ടമാണ് മടവൂരാശാന്റെ മരണം. ഇന്നലെ രാത്രി നിലവിളി പോലൊരു ശബ്ദം കേട്ട് അടുത്തമുറിയിലേക്ക് ചെല്ലുമ്പോള്‍ സംസാരിക്കാന്‍ പോലുമാകാതെ സ്തബ്ധനായ അച്ഛന്‍ ടി.വിയിലേക്ക് ചൂണ്ടിക്കാണിച്ചുതന്നാണ് ഞാന്‍ മടവൂരാശാന്റെ മരണം അറിയുന്നത്. വ്യക്തിപരമായി വലിയ നന്മകളുള്ള മനുഷ്യനായിരുന്നു. ഒരിക്കല്‍ മണ്ണാറശ്ശാലയില്‍ നരകാസുരവധം കളിക്ക് വരാമെന്നേറ്റിരുന്ന നടന്‍ അസൗകര്യം മൂലം വരാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ മടവൂരാശാനെ വിളിച്ചു. കളി നടക്കുന്ന ദിവസം വൈകുന്നേരമാണ് അദ്ദേഹത്തെ വിളിച്ചത്. ഒരു മടിയും കൂടാതെ അദ്ദേഹം വന്നു. നന്നായി വേഷം ചെയ്യുകയും ചെയ്തു. 80 കഴിഞ്ഞ പ്രായത്തിലാണെന്നോര്‍ക്കണം. മറ്റൊരു കലാകാരനു പകരം വേഷം കെട്ടാന്‍ ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ചെറുപ്പക്കാര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടുള്ള നരകാസുരന്റെ വേഷം ഒന്നാന്തരമാക്കുകയും ചെയ്തു. ആ വലിയ കലാകാരന്റെ, വലിയ മനുഷ്യന്റെ എളിമയും കലയോടുള്ള അര്‍പ്പണമനോഭാവവും അനുഭവിച്ചറിയാന്‍ കഴിഞ്ഞ ഒരു സന്ദര്‍ഭമായിരുന്നു അത്.

ഇന്ന് കഥകളി പഠിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങളിലെല്ലാം വടക്കന്‍ ചിട്ടയെന്ന് അറിയപ്പെടുന്ന കല്ലുവഴിച്ചിട്ടയാണ് പ്രധാനമായും പഠിപ്പിക്കുന്നത്. കല്ലുവഴിച്ചിട്ടയില്‍ നിന്ന് ഭിന്നമായി കല്ലടിക്കോടന്‍ സമ്പ്രദായം, കടത്തനാടന്‍ സമ്പ്രദായം, കപ്ലിങ്ങാടന്‍ സമ്പ്രദായം എന്നിങ്ങനെ നിരവധി ചിട്ടകളുണ്ടായിരുന്നു. കപ്ലിങ്ങാടന്‍ സമ്പ്രദായമാണ് പിന്നീട് തെക്കന്‍ ചിട്ട എന്ന പേരില്‍ അറിയപ്പെട്ടത്. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. രാവണന്‍, നരകാസുരന്‍, ദുര്യോധനന്‍ തുടങ്ങിയ കത്തിവേഷങ്ങള്‍ പ്രധാനമാകുന്നത് കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെയൊണ്. വടക്കന്‍ ചിട്ടയില്‍ കത്തിവേഷങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നില്ല. കത്തിവേഷങ്ങളുടെ അവതരണത്തിലാണ് തെക്കന്‍ ചിട്ടയിലെ നടന്മാര്‍ കൂടുതല്‍ പ്രാഗാത്ഭ്യം പ്രകടിപ്പിച്ചത്.

തെക്കന്‍ ചിട്ടയില്‍ മുമ്പ് പല സ്‌കൂളുകളുണ്ടായിരുന്നു. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ സ്‌കൂള്‍, ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ സ്‌കൂള്‍, പള്ളിപ്പുറം ഗോപാലന്‍നായരുടെ സ്‌കൂള്‍ ഇങ്ങനെ പല സ്‌കൂളുകളുണ്ടായിരുന്നെങ്കിലും സ്ഥാപനങ്ങളിലൂടെ സംരക്ഷിക്കപ്പെടാതിരുന്നത് മൂലം ഇവയെല്ലാം പില്ക്കാലത്ത് കൂടിക്കലര്‍ന്നു. ഇന്ന് നമ്മള്‍ കാണുന്ന തെക്കന്‍ ചിട്ട എന്നു പറയുന്നത് മടവൂര്‍ വാസുദേവന്‍ നായരുടെ സമ്പ്രദായമാണ്. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ ശിഷ്യരില്‍ മടവൂര്‍ വാസുദേവന്‍നായര്‍, ഹരിപ്പാട് രാമകൃഷണപിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള എന്നീ 4 പേരായിരുന്നു ഏറ്റവും പ്രധാനികള്‍. മടവൂര്‍ കൂടി ഇല്ലാതായതോടെ ആ ശിഷ്യരില്‍ ആരും ഇനി ബാക്കിയില്ല.

മടവൂരാശാന്റെ സമ്പ്രദായമാണ് കേരള കലാമണ്ഡലത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തെക്കന്‍ചിട്ട. മാര്‍ഗ്ഗി എന്ന സ്ഥാപനം ഒഴികെ കേരളത്തിലെ മറ്റെല്ലാ സ്ഥാപനങ്ങളിലും തെക്കന്‍ ചിട്ടയുടെ സമ്പ്രദായം എന്ന നിലയില്‍ തുടര്‍ന്നു പോരുന്നത് മടവൂര്‍ വാസുദേവൻ നായർ ഉണ്ടാക്കിയ സമ്പ്രദായമാണ്. തെക്കന്‍ ചിട്ടയുടെ പരമാചാര്യന്‍ എന്ന് അദ്ദേഹത്തെ പറയാം. വടക്കന്‍ ചിട്ടയില്‍ നിന്ന് വ്യത്യസ്തമായി തെക്കന്‍ ചിട്ടയുടെ സവിശേഷതകള്‍ എന്താണെന്ന് അറിയാന്‍ ഇനി അദ്ദേഹത്തിന്റെ ശിഷ്യരെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ. മടവൂരാശാന്റെ മരണത്തോടെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ പഴയ അവതരണരീതി ഇല്ലാതാകുകയാണ് എന്ന് പറയാം. കഥകളിയില്‍ ഒരു യുഗത്തിന്റെ അവസാനം.