ജാതി മതില്‍ : മതേതരപ്പാര്‍ട്ടികള്‍ ആരുടെ കൂടെ?

#

(08-02-18) : കവി കുരീപ്പുഴ ശ്രീകുമാറിനെതിരേ ആര്‍.എസ്.എസ്സില്‍ നിന്നുണ്ടായ ആക്രമണശ്രമം കേരളത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും നേരേയുള്ള ഭീഷണിയായാണ് കുരീപ്പുഴയ്‌ക്കെതിരേയുള്ള ആക്രമണം വിലയിരുത്തപ്പെട്ടത്. ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ മുന്നിലുണ്ട്. അതേസമയം, കുരീപ്പുഴ ആക്രമിക്കപ്പെട്ടതിനിടയാക്കിയ അഭിപ്രായത്തെക്കുറിച്ച് ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനം പുലര്‍ത്തുകയാണ്.

വടയമ്പാടിയിലെ ജാതിമതിലിനെക്കുറിച്ച് ഭരണ പ്രതിപക്ഷപ്പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനം രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാപട്യം തുറന്നു കാട്ടുന്നു. എന്‍.എസ്.എസ്സും ആര്‍.എസ്.എസ്സും ഒരു ഭാഗത്തും, മറുഭാഗത്ത് ദളിത് സംഘടനകളും ചില മനുഷ്യാവകാശ സംഘടനകളുമാണുള്ളത്. എന്‍.എസ്.എസ്സിനെപ്പോലെ പ്രബലമായ ഒരു സാമുദായിക സംഘടനയെ പിണക്കണ്ട എന്നതിനപ്പുറം നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളെ നയിക്കുന്നത് സവര്‍ണ്ണ ഹൈന്ദവതയുടെ താല്പര്യങ്ങളാണോ എന്ന ചോദ്യം പ്രസക്തമാണ്. ചെങ്ങന്നൂര്‍ പോലെ മുന്നോക്ക സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് എന്ന് കരുതാന്‍ കഴിയുന്നത്ര ലളിതമല്ല കാര്യങ്ങള്‍.

ക്ഷേത്രത്തിനു ചുറ്റുമുള്ള മൈതാനം ഒരു സമുദായ സംഘടനയുടെ കൈവശമെത്തിയത് എങ്ങനെയാണ്? ഭൂമിയുടെ അവകാശം സംബന്ധിച്ച് സമീപവാസികളായ ദളിത് സമുദായാംഗങ്ങള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരുമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകാത്തതെന്തുകൊണ്ടാണ്? കോടതിയെ കൂട്ടുപിടിച്ച്, വസ്തു എന്‍.എസ്.എസ്സിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ജാതിമതില്‍ വാദികളെ പിന്തുടര്‍ന്ന് അധികാരികള്‍ ശ്രമിക്കുന്നത്. എന്‍.എസ്.എസ് പോലെയുള്ള സംഘടനകള്‍ക്ക് വേണ്ടി വാദിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വക്കീലന്മാര്‍ ക്യൂ നില്‍ക്കുമ്പോള്‍ ദരിദ്രര്‍ക്കും ദളിതര്‍ക്കും കേസ് കോടതിയുടെ ശ്രവണപരിധിയില്‍ എത്തിക്കാന്‍ പോലും കഴിയില്ല എന്ന് ആര്‍ക്കാണറിയാത്തത്.

സര്‍ക്കാര്‍ നടപടികളുടെ നൂലാമാലകളും കോടതി ഉത്തരവുകളുടെ ഉമ്മാക്കിയും കാട്ടി ദളിതര്‍ക്കെതിരായ  അനീതികള്‍ മറച്ചു വെയ്ക്കാമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടി മേലാളന്മാര്‍ ഉള്‍പ്പെടെയുള്ള അധികാരികളുടെ ധാരണ. വടയമ്പാടിയിലെ ജാതിമതില്‍ ഉയര്‍ത്തുന്ന  അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറല്ല. കേരളത്തിലെ സമുദായ സംഘടനകളുടെ ഭൂസ്വത്തില്‍ ഒട്ടുമുക്കാലും സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ്. സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വാങ്ങിയെടുക്കുകയും അവയിലൂടെ വമ്പിച്ച സമ്പത്ത് സ്വന്തമാക്കുകയുമാണ് ഇവിടെ പ്രധാനപ്പെട്ട മത-സാമുദായിക സംഘടനകള്‍ ചെയ്തിട്ടുള്ളത്. ദളിത് ജനവിഭാഗങ്ങളുടെ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുകയോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. പൊതുസ്വത്ത് മത-സമുദായ പ്രമാണിമാര്‍ കയ്യടക്കുകയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ മേല്‍ അധികാരപ്രയോഗം നടത്തുകയുമാണ് നാളിതുവരെ ഇവിടെയുണ്ടായിട്ടുള്ളത്. മത-സമുദായ പ്രമാണിമാരോടൊപ്പമാണ് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം.

കാലങ്ങളായി തുടര്‍ന്നു വന്ന അനീതിക്കെതിരേ പൊരുതാന്‍ ദളിത് ജനവിഭാഗങ്ങള്‍ തയ്യാറാകുന്നു എന്നതാണ് സമീപകാല കേരളത്തില്‍ മത-സാമുദായിക പ്രമാണികളും വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെടെയുള്ള മേലാളശക്തികളെ വിറളി പിടിപ്പിക്കുന്നത്. വടയമ്പാടി ജാതിമതില്‍ അവിടെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ മേലാള ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തും. ആ ജാതിമതില്‍ എന്നന്നേക്കുമായി പൊളിച്ചുനീക്കാനുള്ള കരുത്ത് നേടിയെടുക്കാന്‍ കേരളത്തിലെ മര്‍ദ്ദിത വിഭാഗം നടത്തുന്ന ശ്രമങ്ങളോടൊപ്പം നില്‍ക്കാനുള്ള ബാധ്യത ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന എല്ലാവര്‍ക്കുമുണ്ട്.