ജാതിമതിൽ തീർക്കുന്ന പ്രതിലോമശക്തികൾക്ക് എതിരേ നാടക്

#

തിരുവനന്തപുരം (08.02 2018) : വടയംപാടിയിലെ ജാതി മതിലിന്നെതിരെ, അശാന്തന്, കലാകാരന്റെ നീതി നിഷേധിച്ച വരേണ്യ ഫാസിസ്റ്റുകൾക്കെതിരെ, ഇതിനെല്ലാമെതിരെ  മിണ്ടിയ ശ്രീ. കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ഇരുളിന്റെ ശക്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി കേരളത്തിലെ നടകപ്രവർത്തകരുടെ സാംസ്ക്കാരിക സംഘടന നാടക് സെക്രട്ടറി ജെ,ശൈലജ പ്രസ്താവനയിൽ അറിയിച്ചു. സമീപകാല കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിൽ അരങ്ങേറികൊണ്ടിരിക്കുന്ന മനുഷ്യവിരുദ്ധവും, കലാവിരുദ്ധവും സംസ്കാരശൂന്യവുമായ എല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും പിന്തിരിപ്പൻ മനോഭാവങ്ങളെയും പ്രതിലോമകരമായ ഇടപെടലുകളെയും നാടക് കലാത്മകമായി, രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നുവെന്ന് പ്രസ്താവന പറയുന്നു.

കല സമൂഹത്തിൽ സംഭവിയ്ക്കേണ്ട ശുദ്ധീകരണ പ്രക്രിയയും  അതു നിർവഹിയ്ക്കുന്നവർ ബഹുമാനം അർഹിയ്ക്കുന്നവരുമാണ്. അശാന്തൻ മഹേഷ് എന്ന അദ്ധ്യാപകൻ, നിസ്വാർത്ഥനായ ചിത്രകാരൻ മരണത്തിന്‌ ശേഷം ദൈവത്തിന്റെ പേരിൽ അപമാനിയ്ക്കപ്പെട്ടത് കേവലം യാദൃച്ഛികതഅല്ല. ഇന്ത്യയിൽ വർത്തമാനകലത്ത് നടപ്പിൽ വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മതാത്മക രാഷ്ട്രീയ അജണ്ട ആണത്‌. കേവല പ്രതി ഷേധത്തിൽ ഒതുങ്ങേണ്ട ഒന്നല്ല, ബഹുവിധ രൂപത്തിൽ നമുക്ക് പിന്നാലെ, നമ്മളെ ഇല്ലാതാക്കാൻ തക്കം പാർക്കുന്ന ഈ മാരക വിപത്ത്.

കഴിഞ്ഞ നൂറ്റാണ്ടിൽ വലിയ മനുഷ്യർ നടത്തിയ കൊടിയ സമരങ്ങൾ നേടിത്തന്ന നവോത്ഥാന മൂല്യങ്ങൾ-- താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി ജാതിമത കൂട്ടുകെട്ടുകൾ തകർത്തെറിയുന്ന ചിത്രം ദാരുണമാണ്. ജാതി മതിലുകൾ പൊളിച്ച് മനുഷ്യനെ പുറത്തുകൊണ്ടുവരാൻ യജ്‌ഞിച്ചവരോടുള്ള നിഷേധമായി തന്നെ നാടക് ഇതിനെ കാണുന്നു. വഴിനടക്കാനും ആരാധിയ്ക്കാനും സമരം ചെയ്ത നാട്ടിൽ, മതിലുകൾ കൊണ്ടു മനുഷ്യനെ വേർതിരിക്കുന്ന, അമ്പലങ്ങളെ അയിത്താചരണ കേന്ദ്രമാക്കുന്ന, നവ ചാതുർവർണ്യ തന്ത്രം ഒരിയ്ക്കലും അനുവദിക്കാനാവില്ല.

ജാതിക്കും മത്തിനും അപ്പുറം പൊതുലോകം സൃഷ്ടിയ്ക്കാൻ പണിയെടുക്കുന്ന കലാ സമൂഹത്തിന്, നടകക്കാർക്കു, കവികൾക്ക് പാട്ടുകാർക്ക്‌, എഴുത്തുകാർക്ക് ഇതിനെല്ലാം എതിരെ മിണ്ടതിരിയ്ക്കാനാവില്ല.

പ്രസംഗത്തിൽ തന്റെ അഭിപ്രായം പറഞ്ഞ കവി കുരീപ്പുഴ ശ്രീകുമാറിനെ കായികമായി അക്രമിയ്ക്കാൻ ശ്രമിച്ചത് പ്രതിലോമ ശക്തികൾ അകമേ നേരിടുന്ന ഭീരുത്വം കൊണ്ടാണെന്ന് നാടക് അഭിപ്രായപ്പെട്ടു.

തങ്ങൾക്കെതിരെ മിണ്ടുന്നവരെയെല്ലാം ഉന്മൂലനം ചെയ്യാമെന്ന് വ്യാമോഹിയ്ക്കുന്ന കൂപമണ്ഡൂകങ്ങൾക്കു കാലവും ചരിത്രവും മാപ്പുകൊടുക്കാതെ മഹാഗർത്തിലേക്ക് തള്ളിയിടുമെന്നതിൽ തർക്കമില്ല.

എല്ലാത്തരം പ്രതിലോമചിന്തകൾക്കും എതിരെയാണ്  കലയുടെ സ്ഥാനമെന്നും കലയിൽ ഉടപെടുന്ന, നാടകക്കാരായ തങ്ങൾ അരങ്ങു് എന്ന പൊതു ഇടത്തിലാണ് ജീവിയ്ക്കുന്നതെന്നും പ്രസ്താവന ഓർമ്മിപ്പിക്കുന്നു..തങ്ങളുടെ പ്രതിഷേധം അരങ്ങിൽ നിൽക്കാൻ വേണ്ടിക്കൂടിയാണെന്നും മാനവികതയ്ക്കു വേണ്ടിയുള്ള പ്രതിഷേധം അരങ്ങും ജീവിതവും ഒന്നാകുന്ന ഇടത്തിൽ നിന്നുകൊണ്ട് തങ്ങൾ ഉറക്കെ പ്രഖ്യാപിയ്ക്കുന്നുവെന്നും പ്രസ്താവന പറയുന്നു..