മോദിയുടെ പ്രസംഗത്തില്‍ ചിരിയടക്കാനാകാതെ രേണുക ; ചിരിയെ പരിഹസിച്ച് മോദി

#

ന്യൂഡല്‍ഹി (08-02-18) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേട്ട് ചിരിയടക്കാനാവാതെ കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. അതിഷ്ടപ്പെടാതെ രേണുകയുടെ ചിരിയെ പരിഹസിച്ച് നരേന്ദ്ര മോദി. ഇന്നലെ രാജ്യസഭയിലാണ് രേണുക ചൗധരിയുടെ ചിരി ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. ആധാറിനെക്കുറിച്ചുള്ള ആശയം  ആദ്യം അവതരിപ്പിച്ചത് 1998 ല്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് എന്ന മോദിയുടെ പരാമര്‍ശം കേട്ട് രേണുകാചൗധരിക്ക് ചിരിയടക്കാനായില്ല. "രേണുകാജിയെ കുറ്റപ്പെടുത്തരുത്. രാമായണം സീരിയലിനു ശേഷം ഇത്തരത്തിലുള്ള ചിരി കേള്‍ക്കാന്‍ അവസരമുണ്ടായത് ഇപ്പോഴാണ്" എന്ന് പ്രധാനമന്ത്രി മോദി രാജ്യസഭാ ചെയര്‍മാൻ  വെങ്കയ്യ നായിഡുവിനോട് നടത്തിയ അഭ്യര്‍ത്ഥന സ്ഥിതി  കൂടുതല്‍ വഷളാക്കി.

രേണുക ചൗധരിയെക്കുറിച്ച് പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. മോദിയുടെ  പരാമര്‍ശത്തെ തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ രേണുകാ ചൗധരിയ്‌ക്കെതിരേ അഴിച്ചുവിട്ട ആക്ഷേപങ്ങള്‍ അവകാശലംഘന പ്രമേയത്തിലേക്ക് നീങ്ങുകയാണ്. രേണുകാ ചൗധരിയുടെ ശല്യപ്പെടുത്തുന്ന ചിരി നരേന്ദ്ര മോദിയെ പ്രകോപിപ്പിച്ചില്ലല്ലോ എന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കുറിച്ചതിനെതിരെ അവകാശലംഘനത്തിനു നോട്ടിസ് നൽകുമെന്ന് രേണുക ചൗധരി അറിയിച്ചു. രാമായണം സീരിയലിലെ ശൂർപ്പണഖയുടെ  വീഡിയോ ആണ് ബി.ജെ.പി ഐ.ടി.സെൽ തലവൻ അമിത് മാളവ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്തായാലും രേണുക ചൗധരിയുടെ ചിരിയും മോദിയുടെ പ്രതികരണവും ബി.ജെ.പി.-കോൺഗ്രസ്സ് തർക്കങ്ങളെ കൂടുതൽ വഷളായ തലത്തിലേക്ക് നയിക്കുകയാണ്.