ഉമ്മൻ‌ചാണ്ടിക്ക് ആശ്വാസമായി കോടതി വിധി ; പാറ്റൂർ കേസ് റദ്ദാക്കി

#

കൊച്ചി (09-02-18) : പാറ്റൂർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശ്വാസമായി ഹൈക്കോടതി വിധി. അഴിമതി നിരോധനനിയമം അനുസരിച്ച് കേസ് നിലനിൽക്കിലെന്ന നിരീക്ഷണത്തോടെ കോടതി കേസ് റദ്ദാക്കി.  ഉമ്മൻ‌ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഭാരത് ഭൂഷൺ ഉൾപ്പെടെയുള്ള 5 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി വിജിലൻസ് സമർപ്പിച്ച എഫ്.ഐ.ആറും കോടതി റദ്ദാക്കി. കൂടാതെ വിജിലൻസ് അന്വേഷണവും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ കേസിലെ 5 പ്രതികളും കുറ്റവിമുക്തരായി.

വിജിലൻസ് കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞവർഷമാണ് വിജിലൻസ് പാറ്റൂർ അഴിമതിക്കേസ്‌ രജിസ്റ്റർ ചെയ്യുന്നത്.  തിരുവനന്തപുരം പാറ്റൂരിൽ  സ്വകാര്യ ഫ്ലാറ്റ് നിർമ്മാണ കമ്പനിയായ ആർടെക്കിന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ മാറ്റി നൽകിയതിലൂടെ സർക്കാർ ഭൂമി നഷ്ടമായെന്നാണ് കേസ്.

ലോകായുക്തയുടെ ഉത്തരവ് അനുസരിച്ച് വിജിലൻസ് എ.ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസാണ് കേസ് ആദ്യം അന്വേഷിച്ചത്. പാറ്റൂരിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം നടന്നുവെന്ന് റിപ്പോർട്ട് നൽകി. ഈ രേഖകൾ ഹൈക്കോടതിയിൽ വിളിച്ചുവരുത്തിയപ്പോൾ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നില്ല. ഇതേതുടർന്ന് ഹൈക്കോടതി ജേക്കബ് തോമസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. എന്നാൽ കോടതിൽ എത്തിയ രേഖകളിലല്ല അനുബന്ധ രേഖകളിലാണ് കൃത്രിമം നടന്നതെന്ന്  ജേക്കബ് തോമസ് കോടതിയെ അറിയിച്ചു എന്നാൽ ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദ്ദേശം അദ്ദേഹം പാലിച്ചില്ല. ഇതേതുടർന്ന് ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ താണ് എഫ്.ഐ.ആർ എന്ന നിരീക്ഷണത്തോടെ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത് എന്ന് കുറ്റപ്പെടുത്തിയ കോടതി അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്നും പരാമർശിച്ചു.