മടവൂരാശാൻ : കലയുടെയും മനുഷ്യത്വത്തിന്റെയും മഹാഗോപുരം

#

(09-02-18) : കഥകളി നടനാകാന്‍ ജനിക്കുകയും കഥകളി നടനായി അരങ്ങില്‍ മരിക്കുകയും ചെയ്ത മടവൂര്‍ വാസുദേവന്‍ നായർ ക്ലാസിക്കല്‍ കലാരൂപങ്ങളിലെ തന്നെ അപൂര്‍വ്വ പ്രതിഭയാണ്. വ്യത്യസ്ത സമ്പ്രദായങ്ങള്‍ നടപ്പിലുണ്ടായിരുന്ന കഥകളിയില്‍ തെക്കന്‍ ചിട്ടയുടെ പ്രയോക്താവും പ്രചാരകനുമായിരുന്നു അദ്ദേഹം.

കത്തിവേഷങ്ങളിലെ അദ്വിതീയനും എക്കാലത്തെയും എണ്ണപ്പെട്ട കളരിയാശാനുമായിരുന്ന ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യന്മാരായിരുന്ന നാല്‍വര്‍ സംഘത്തിലെ അവസാന കണ്ണിയാണ് മടവൂരാശാന്റെ വിയോഗത്തിലൂടെ കലാകേരളത്തിന് നഷ്ടമായത്. (ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പന്‍പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള എന്നിവരാണ് മറ്റു മൂന്ന് പേർ)

ഗുരുനാഥനെപ്പോലെത്തന്നെ കത്തി വേഷങ്ങളില്‍ അസാധാരാണമായ പ്രാഗത്ഭ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം, മിനുക്ക്, കരിവേഷങ്ങളിലും ഏറെ ശോഭിച്ചിരുന്നു. ഗുരുകുല സമ്പ്രദായ രീതിയില്‍ കഥകളി അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തിരുന്ന മടവൂരാശാന്റെ വിയോഗം കഥകളി ഗവേഷകര്‍ക്കും പുതിയ തലമുറയില്‍ പെട്ട കഥകളി ഗുരുനാഥന്മാര്‍ക്കും വരുത്തിയ നഷ്ടം അളക്കാനാവാത്തതാണ്. വേഷങ്ങളിലെ കുറവുകള്‍ പരിഹരിക്കാനും ചിട്ടപ്രകാരമുള്ള ആട്ടങ്ങളില്‍ കൃത്യത വരുത്താനും പുതിയ കഥകള്‍ ചിട്ടപ്പെടുത്താനുമൊക്കെ കേരളത്തിലെ അറിയപ്പെടുന്ന കഥകളി ആശാന്മാര്‍ പലരും മടവൂര്‍ വാസുദേവന്‍ നായരുടെ വീട്ടിലെത്തി ഒപ്പം താമസിച്ച് പഠിക്കുക പതിവായിരുന്നു. അവര്‍ക്കാവശ്യമുള്ള തിരുത്തലും കൂട്ടിച്ചേര്‍ക്കലും വരുത്തുന്നത് തന്റെ നിയോഗമായാണ് അദ്ദേഹം കണ്ടിരുന്നത്. അതിനാലാണ് 89-ാം വയസ്സിലും മുടക്കമില്ലാതെ മാസത്തിലൊരിക്കല്‍ കൊല്ലത്തു നിന്നും സഞ്ചരിച്ച് കേരള കലാമണ്ഡലത്തിലെത്തി പുതിയ തലമുറയെ പരിശീലിപ്പിക്കുവാനുള്ള ചുമതല അദ്ദേഹം മടി കൂടാതെ ഏറ്റെടുത്തത്. കേരള കലാമണ്ഡലം രൂപീകരിച്ചപ്പോൾ വള്ളത്തോളിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പുതിയ തലമുറയിലെ കഥകളി കലാകാരന്മാരെ കലർപ്പില്ലാത്ത ശൈലികളുടെ ഉടമകളാക്കാൻ തകഴി കുഞ്ചുക്കുറുപ്പാശാൻ രൂപം കൊടുത്ത പാഠ്യ പരിശീലന പദ്ധതി അതിന്റെ എല്ലാ തനിമയോടെയും നിലനിർത്തി മുന്നോട്ടു കൊണ്ടുപോയി എന്നത് മടവൂരാശാൻ കഥകളി എന്ന കലാരൂപത്തിന് നൽകിയ വലിയ സംഭാവനകളിൽ ഒന്നാണ്.

പാട്ടുകാരന്റെ സഹായമില്ലാതെ ശങ്കരാഭരണം (രാവണന്റെ) അരങ്ങില്‍ വിസ്തരിക്കാന്‍ കഴിഞ്ഞിരുന്ന മടവൂരാശാന്റെ പ്രസിദ്ധവേഷങ്ങളായിരുന്നു ഉദ്ഭവത്തിലെയും രാവണ വിജയത്തിലെയും രാവണന്‍, ബാണ യുദ്ധത്തിലെ ബാണന്‍, ദുര്യോധനവധത്തിലെ ദുര്യോധനന്‍, ബകവധത്തിലെ ആശാരി, ലവണാസുര വധത്തിലെയും, കല്യാണസൗഗന്ധികത്തിലെയും ഹനുമാന്‍, നളചരിതത്തിലെ ഹംസം, കാട്ടാളന്‍, സുദേവന്‍ എന്നിവ. കളരിയില്‍ താന്‍ പഠിപ്പിച്ച പാഠങ്ങള്‍, അരങ്ങില്‍ പ്രകടിപ്പിക്കാന്‍ കൂട്ടുവേഷക്കാരെ പ്രായ- ശിഷ്യ വ്യത്യാസമില്ലാതെ പ്രാപ്തരാക്കുന്നതിലും സഹായിക്കുന്നതിലും ആശാന്‍ പുലര്‍ത്തിയിരുന്ന ശ്രദ്ധയും താല്പര്യവും എടുത്തു പറയേണ്ടതാണ്. 

അരങ്ങിനെയും സദസ്യരെയും മനസ്സിലാക്കി ആടിയിരുന്ന മടവൂർ ഉടുത്തുകെട്ടിലും മുഖമെഴുത്തിലും അതീവ ശ്രദ്ധാലുവായിരുന്നു. അഭിനയത്തിന്റെ പൂര്‍ണ്ണതയില്‍ ആഹാര്യത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിയ നടനായിരുന്നു അദ്ദേഹം. ഔചിത്യം, പാത്രബോധം, മനോധര്‍മ്മ പ്രയോഗങ്ങളിലെ നിയന്ത്രണം, ചിട്ടയുടെ പൂര്‍ണ്ണത, സമയനിഷ്ഠ എന്നിവ മടവൂരാശാന്റെ സവിശേഷതകളായിരുന്നു. കൂട്ടുവേഷക്കാര്‍ക്കും പാട്ടുകാര്‍ക്കും അണിയറക്കാര്‍ക്കും നല്‍കിയിരുന്ന പരിഗണനയും ബഹുമാനവും ആ കഥകളി ആചാര്യൻ  എത്ര വലിയ മനസ്സിന്റെ ഉടമയാണെന്ന് ബോധ്യപ്പെടുത്തി.  രസവും ഭാവവും നിറയാത്ത ശുഷ്കചലനങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ വേഷങ്ങള്‍ക്കുണ്ടായിട്ടില്ല. തനിക്ക് കലയും ജീവിതവും തന്നത് ഗുരുനാഥനായ ചെങ്ങന്നൂര്‍ രാമന്‍പിള്ളയാശാനാണെന്ന് അടുപ്പമുള്ളവരോട് അദ്ദേഹം കൂടെക്കൂടെ പറയാറുണ്ടായിരുന്നു. ഒളിമങ്ങാത്ത ഗുരുഭക്തിയുടെ പ്രതീകം കൂടിയായിരുന്ന ആ മഹാനടന്റെ ഓര്‍മ്മകള്‍ ലോകമെമ്പാടുമുള്ള കഥകളി പ്രേമികളിൽ എന്നുമുണ്ടാകും.