മാലിദ്വീപ് ഇന്ത്യ-ചൈന തർക്കത്തിന്റെ വിഷയമല്ല : ചൈന

#

ബെയ്ജിംഗ് (09-02-18) : മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൈന. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു തർക്കത്തിന്റെ വിഷയമാകരുതെന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശമന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. മാലിദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും മാനിക്കാൻ അന്താരാഷ്ട്ര സമൂഹം ബാദ്ധ്യസ്ഥനാണെന്ന് ചൈനീസ് വക്താവ്-പറഞ്ഞു. ഇപ്പോൾ മാലിദ്വീപിൽ സംഭവിക്കുന്നത് ആ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണ്. അതു ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും രമ്യമായി പരിഹരിക്കപ്പെടണം.

മാലിദ്വീപ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ആ രാജ്യത്തെ സാമ്പത്തിക വികസനമന്ത്രി ചൈന സന്ദർശിക്കുകയാണ്. മാലിദ്വീപ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കാൻ അനുമതി തേടിയെങ്കിലും സൗകര്യപ്രദമായ തീയതി ലഭ്യമല്ലാത്തതിനാൽ സന്ദർശനത്തിന് ഇന്ത്യ അനുമതി നൽകിയില്ല. മാലിദ്വീപിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ വേണ്ടി ഇന്ത്യയുടെ പ്രത്യേക സേന മാലിദ്വീപിൽ കടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ്, മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങൡ ഇടപെടാതിരിക്കുക അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തത്വമാണെന്ന് ഓർമ്മിപ്പിച്ചു.