ബിനോയ് കൊടിയേരിക്കെതിരായ ആരോപണം രൂക്ഷവിമർശനവുമായിസി.പി.എം ബംഗാൾ ഘടകം

#

കൊൽക്കത്ത (09-02-18) : ബിനോയ് കോടിയേരിക്കെതിരായ പണത്തട്ടിപ്പ് ആരോപണങ്ങളിൽ കേരള ഘടകത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയും കേസുമായി ബന്ധപ്പെടുത്തി സീതാറാം യെച്ചൂരിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിച്ചും ബംഗാൾ ഘടകം. ആരോപണം പാര്‍ട്ടിക്ക് തീരാ കളങ്കമാണെന്നും ഇത് സംബന്ധിച്ച് പിബി പ്രസ്താവന ഇറക്കണമെന്നും മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജിയും മൊയ്നുല്‍ ഹസ്സന്‍ എന്നിവരും സംസ്ഥാന കമ്മിറ്റയില്‍ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെടുത്തി ദേശീയ സെക്രട്ടറിയായ യെച്ചൂരിയെ വലിച്ചിഴച്ച് വിവാദങ്ങള്‍ ഉണ്ടാക്കിയത് ഒഴിവാക്കേണ്ടതായിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിക്കണമെന്നും ആവശ്യമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിതാറാം യെച്ചൂരിക്കെതിരെ അനാവശ്യ ആരോപണം ഉയര്‍ത്തിയതും ശരിയായില്ലെന്നും നേതാക്കള്‍ പറ‍ഞ്ഞു.

പാർട്ടിയുടെ അടവുനയം സംബന്ധിച്ച യെച്ചൂരിയുടെ നിർദ്ദേശം കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പിൻബലത്തോടെ കാരാട്ട് പക്ഷം വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മുഖ്യശത്രുവായ ബിജെപിയെ നേരിടുന്നതിനായി കോൺഗ്രെസ്സുമായി സഹകരണം ആയിരുന്നു യെച്ചൂരിയും ബംഗാൾ ഘടകവും മുന്നോട്ട് വച്ചത്. ഇതേതുടർന്ന് ബംഗാൾ ഘടകം കേരള ഘടകത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിനീഷ് കോടിയേരി വിഷയത്തിൽ കേരള ഘടകത്തെ കുറ്റപ്പെടുത്തുന്ന അഭിപ്രായം ബംഗാൾ നേതാക്കളിൽ നിന്ന് ഉണ്ടായിരിക്കുന്നത്.