മാധ്യമ പ്രവർത്തനം മനുഷ്യസ്‌നേഹത്തിന്റെ പര്യായമാക്കിയ വി.എം.സതീഷ്

#

(09-02-18) : (കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷിനെ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ നൗഷാദ് അനുസ്മരിക്കുന്നു)

അതിസമര്‍ത്ഥനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ഞാന്‍ സതീഷ് ചേട്ടന്‍ എന്നു വിളിച്ചിരുന്ന വി.എം.സതീഷ്. പക്ഷേ, വലിയ ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം ഓര്‍ക്കുക. മറ്റുള്ളവരെ സഹായിക്കുക എന്നത് ജീവിതദൗത്യം പോലെ ഏറ്റെടുത്തയാളായിരുന്നു അദ്ദേഹം. മനുഷ്യരെ സഹായിക്കുന്നതിന്, അവരുടെ രാജ്യമോ, പ്രദേശമോ ഒന്നും സതീഷിന് പ്രശ്‌നമായിരുന്നില്ല.

പല സ്റ്റോറികളും ചെയ്യാന്‍ പോകുമ്പോഴും ചെയ്തിട്ടു വരുമ്പോഴുമൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും ആരെയെങ്കിലും സഹായിക്കുക, ആരെയെങ്കിലും രക്ഷിക്കുക ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സ്റ്റോറികള്‍ക്കു പുറകിലുള്ള പ്രേരണ. പ്രയാസം നേരിടുന്നവരെ സഹായിക്കുന്നതില്‍ അവരുടെ രാജ്യമോ പ്രദേശമോ ഒന്നും സതീഷ് നോക്കാറില്ല. ഒരു ഫിലീപ്പിന്‍സുകാരിയും പാകിസ്ഥാന്‍കാരനുമൊക്കെ ഇങ്ങനെ സതീഷിന്റെ സഹായം ലഭിച്ച കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ സഹായം എന്നത് മാധ്യമ പ്രവര്‍ത്തനത്തിലൂടെയുള്ള സഹായത്തില്‍ ഒതുങ്ങിനിന്നില്ല. ബുദ്ധിമുട്ടുള്ളവര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കിയ എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. വാര്‍ത്താസമ്മേളനങ്ങളില്‍ ചോദിക്കേണ്ടത് ആരോടായാലും അദ്ദേഹം ചോദിച്ചിരിക്കും. മുഖത്തടിച്ചതുപോലെയാകും ചിലപ്പോള്‍ ആ ചോദ്യങ്ങള്‍. സ്വന്തം കരിയറിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മാധ്യമ പ്രവര്‍ത്തനം നടത്തിയ ആളേ ആയിരുന്നില്ല അദ്ദേഹം. സ്വന്തം കരിയറിന്റെ വളര്‍ച്ച നോക്കിയിരുന്നെങ്കില്‍ എത്ര വലിയ ഉയരങ്ങളിലും എത്താന്‍ കഴിയുമായിരുന്നയാളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു വീട്ടില്‍ ജനിച്ച് മലയാളം മീഡിയത്തില്‍ പഠിച്ച സതീഷ് പ്രവര്‍ത്തിച്ചത് മുഴുവന്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലായിരുന്നു. മാധ്യമപ്രവര്‍ത്തനത്തെ ഒരു തൊഴിലായല്ല, ലക്ഷ്യബോധത്തോടെയുള്ള സാമൂഹ്യ പ്രവര്‍ത്തനമായാണ് അദ്ദേഹം കണ്ടത്.

ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ വച്ചാണ് ഞാന്‍ സതീഷ് ചേട്ടനെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികളും പ്രസംഗവും ഞാന്‍ കൗതുകത്തോടെ ശ്രദ്ധിച്ചു. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് എന്റെ ഷോര്‍ട് ഫിലിമില്‍ അഭിനയിക്കാന്‍ ക്ഷിണിക്കുകയായിരുന്നു. ധാരാളം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ടെങ്കിലും അഭിനയിക്കാന്‍ തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചതോടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. സതീഷിന്റെ Distressing  Encounters  എന്ന പുസ്തകത്തില്‍ എന്നെക്കുറിച്ചും ഒരു ലേഖനമുണ്ട്. സിനിമയിലുള്ള എന്റെ കമ്പത്തെക്കുറിച്ചും എന്റെ പിതാവിന് അത് ഇഷ്ടമില്ലാതിരുന്നതും പിന്നീട് അദ്ദേഹം എന്റെ സിനിമയുടെ നിര്‍മ്മാതാവ് ആയതുമൊക്കെ സതീഷ് ചേട്ടന്‍ ആ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്

ഇന്നത്തെ കാലത്ത് സതീഷിനെപ്പോലെ ഒരു മനുഷ്യന്‍, ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യമാണ്. ആ മനുഷ്യന്‍ മരിക്കാന്‍ പാടില്ലായിരുന്നു. അടുപ്പമുള്ളവരുടെ മരണം ദുഃഖകരമാണ്. അതിലുപരി കടുത്ത നഷ്ടബോധം സൃഷ്ടിക്കുന്നു വി.എം.സതീഷ് എന്ന മനുഷ്യസ്‌നേഹിയായ വലിയ മാധ്യമ പ്രവര്‍ത്തകന്റെ മരണം.